ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങൾ എന്തൊക്കെയാണ് ? വിദഗ്ധർ പറയുന്നതിങ്ങനെ
ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും
ഇരുചക്ര വാഹനങ്ങളിലെ ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മിഷണർ ഉത്തരവിട്ടത്. ഹെൽമെറ്റിൽ ക്യാമറ വച്ച് യാത്രചെയ്യുന്നത് പിടിക്കപ്പെട്ടാൽ 1,000 രൂപ പിഴ ഈടാക്കും. മുന്നറിയിപ്പ് നൽകിയതിനു ശേഷവും കുറ്റം തുടർന്നാൽ മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്.
ഹെൽമെറ്റിൽ ക്യാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയതാണ് ഇതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്ന തരത്തിൽ ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ചത് പിടിയിലായാൽ ആർ.സി ബുക്കും ലൈസൻസും റദ്ദാക്കുമെന്നാണ് നേരത്തെ വകുപ്പ് അറിയിച്ചിരുന്നത്.
എന്നാൽ, ഹെൽമെറ്റിൽ ക്യാമറ ഘടിപ്പിക്കുന്നതിലൂടെ എന്ത് പ്രശ്‌നമാണ് ഉണ്ടാവുകയെന്ന് പലരിലും ഉണ്ടാകുന്ന സംശയമാണ്. വിദഗ്ധർ പറയുന്ന ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
1.ഹെൽമെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെൽമെറ്റിന്റെ കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും.
2.തറയിൽ വീഴുമ്പോൾ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെൽമെറ്റ് ഡിസൈൻ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്. ക്യാമറ ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതെയാകും.
3.ക്യാമറയിൽ ലഭിക്കുന്ന വീഡിയോകളും ചിത്രങ്ങളും മനോഹരമാക്കാൻ യാത്രികൻ കൂടുതൽ ശ്രദ്ധിക്കുന്നത് അപകടങ്ങൾ വരുത്തിവെക്കുന്നതിലേക്ക് നയിക്കും.