പ്രതിപക്ഷ നേതാവിനെതിരായ പി.വി.അൻവർ എംഎൽഎയുടെ അഴിമതി ആരോപണം: കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് വിജിലൻസ്

പി വി അൻവറിന്റെ ആരോപണത്തിൽ സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് ആണ് വിജിലൻസ് കോടതിയെ സമീപിച്ചത്

Update: 2024-04-01 07:41 GMT
Editor : ശരത് പി | By : Web Desk
Advertising

കോട്ടയം: വി.ഡി സതീശനെതിരായ പി.വി അൻവർ എംഎൽഎയുടെ 150 കോടി അഴിമതി ആരോപണത്തിൽ കേസെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയെ അറിയിച്ച് വിജിലൻസ്.

പി.വി അൻവറിന്റെ പ്രസംഗത്തിന് നിയമസഭയുടെ പ്രിവിലേജ് ഉണ്ടെന്നതിനാലാണ് ഈ ബുദ്ധിമുട്ടെന്ന് വിജിലൻസ് പറഞ്ഞു. ഇതിന് മറുപടിയായി കേസെടുക്കുന്നതിൽ അനുമതി ആവശ്യമില്ലെന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹരജിക്കാരൻ ഹാജരാക്കി. കേസ് വിധി പറയാൻ വിജിലൻസ് കോടതി ഈ മാസം ആറിലേക്ക് മാറ്റി.

സംസ്ഥാന സർക്കാരിന്റെ കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നായിരുന്നു പി.വി അൻവർ നിയമസഭയിൽ ആരോപിച്ചത്.

ആരോപണത്തിൽ സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കേസിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നെങ്കിലും ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹഫീസ് ഹരജി നൽകിയത്.

ഹരജി പരിഗണിച്ച കോടതി പരാതിയിന്മേൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് നിർദേശം നൽകുകയായിരുന്നു. ആരോപണത്തിന് വ്യക്തമായ തെളിവ് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. ലഭിച്ച പരാതിയുടെ നിജസ്ഥിതി അറിയിക്കണമെന്നും വിജിലൻസിനോട് കോടതി നിർദേശിച്ചിരുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News