'പിടിയിലാകുമ്പോള്‍ സ്വാമി വേഷത്തില്‍, കരിങ്കൽ ക്വാറി ഒളിയിടം'; പ്രവീണ്‍ റാണയെ പിടികൂടിയത് സാഹസികമായി
ഒളിയിടത്തില്‍ നിന്ന് അതിഥി തൊഴിലാളിയുടെ ഫോണ്‍ വഴി റാണ വീട്ടുകാരെ വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്
തൃശ്ശൂര്‍: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീൺ റാണയെ പൊലീസ് പിടികൂടിയത് സാഹസികമായി. പൊള്ളാച്ചിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രവീണ്‍ റാണ പൊലീസിന്റെ പിടിയിലാകുന്നത്. ദേവരായപുരത്തെ കരിങ്കൽ ക്വാറിയിൽ ക്വാറി തൊഴിലാളിയുടെ കൂടെ ആയിരുന്നു പ്രവീണ്‍ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവിടെ സ്വാമി വേഷത്തിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.
പെരുമ്പാവൂർ സ്വദേശിയായ ഒരാളായിരുന്നു ഇവിടെ ഒളിസങ്കേതം ഒരുക്കിയത്. ഇവിടെ നിന്ന അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടുകാരെ പ്രവീണ്‍ റാണ വിളിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ പൊലീസ് ഒളിയിടം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് ബലം പ്രയോഗിച്ചാണ് പൊലീസ് റാണയെ കീഴ്പ്പെടുത്തിയത്.
കഴിഞ്ഞ ആറിനാണ് പ്രവീൺ റാണ സംസ്ഥാനം വിട്ടത്. നേപ്പാൾ വഴി ഇയാള്‍ രാജ്യം വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇന്ന് പിടിയിലാകുന്നത്. പ്രവീൺ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
സേഫ് ആൻഡ് സ്ട്രോങ് നിധി എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമാണ് റാണ നിക്ഷേപങ്ങൾ വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ 48 ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രവീണ്‍ റാണയുടെ തൃശൂരിലെ ഫ്ലാറ്റില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞിരുന്നു. തൃശൂർ പൊലീസ് എത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. മറ്റൊരു ലിഫ്റ്റ് വഴി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇയാൾ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
നാല് ആഡംബര കാറുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രവീണ്‍ റാണയുടെ തൃശൂർ, കുന്നംകുളം, പാലക്കാട്, മണ്ണാർക്കാട്, കണ്ണൂർ ഓഫീസുകളിൽ കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.