തൃശൂരിലെ മത്സരയോട്ടം; ഥാർ ഡ്രൈവർ അറസ്റ്റിൽ
അയ്യന്തോൾ സ്വദേശി ഷെറിനാണ് അറസ്റ്റിലായത്
തൃശൂർ: തൃശൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ മത്സരയോട്ടത്തിൽ ഥാർ ഡ്രൈവർ അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി ഷെറിനാണ് അറസ്റ്റിലായത്. ഥാർ ഓടിച്ചിരുന്ന ഷെറിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ ഥാർ ജീപ്പും മറ്റൊരു ആഡംബര കാറും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതേ റൂട്ടിൽ മത്സര ഓട്ടം നടത്താറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. മത്സരയോട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. മത്സരയോട്ടം നടത്തിയ ആഡംബര കാറിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. മഹീന്ദ്ര ഥാറും ബി.എം.ഡബ്ല്യൂ കാറും അമിത വേഗത്തിൽ മത്സര ഓട്ടം നടത്തിയാണ് അപകടം ഉണ്ടാക്കിയത്. ടാക്സി കാറിൽ യാത്ര ചെയ്തിരുന്ന എല്ലാവർക്കും ഗുരുതരമായി പരിക്കേറ്റു. 67 വയസുള്ള രവിശങ്കറിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രവിശങ്കറും കുടുംബവും ഗുരുവായൂർ പോയിട്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
അപകടം വരുത്തി വെച്ച ബി.എം.ഡബ്ല്യൂ കാർ നിർത്താതെ പോയെന്ന് നാട്ടുകാർ പറഞ്ഞു. ഥാറിൽ സഞ്ചരിച്ചിരുന്ന മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഥാർ ഓടിച്ചിരുന്ന ഷെറിൻ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.