പ്രസ്താവനകൾ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റിദ്ധാരണക്ക് കാരണമാകുമെന്ന് മാര്‍ ആലഞ്ചേരി

നാടിന്‍റെ മതസാഹോദര്യത്തിന് കോട്ടം തട്ടാന്‍ നാം അനുവദിക്കരുതെന്നും കര്‍ദിനാള്‍.

Update: 2021-09-19 12:52 GMT
Editor : Suhail | By : Web Desk
Advertising

എല്ലാ മതവിശ്വാസികളും സാഹോദര്യത്തോടെ ജീവിക്കുന്നതാണ് കേരളത്തിന്റെ പാരമ്പര്യമെന്നും, മതസൗഹാര്‍ദവും സമുദായ സാഹോദര്യവും സംരക്ഷിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണം. പ്രസ്താവനകള്‍ ലക്ഷ്യത്തില്‍ നിന്ന് മാറ്റി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണക്ക് വഴിവെക്കും. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ക്രൈസ്തവ സഭകള്‍ ആഗ്രഹിക്കുന്നില്ല. കലുഷിത സാഹചര്യത്തില്‍ നിന്ന് സൗഹൃദത്തിലേക്ക് ഏവരും തിരികെ വരികണമെന്നും കര്‍ദിനാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതസൌഹാര്‍ദത്തിന് ഹാനികരമായ ചര്‍ച്ചകളാണ് കേരള സമൂഹത്തില്‍ നടക്കുന്നത്. നാടിന്‍റെ മതസാഹോദര്യത്തിന് കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. മതവികാരത്തെ മുറിപ്പെടുത്തുന്നത് എന്നു തോന്നുന്ന കാര്യങ്ങളില്‍ അതീവ വിവേകത്തോടെയും ബഹുമാനത്തോടെയും ചര്‍ച്ചകള്‍ നടത്തി സാഹോദര്യത്തില്‍ കഴിയാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും കര്‍‌ദിനാള്‍ കുറിപ്പില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

മതസൗഹാര്‍ദവും സമുദായ സഹോദര്യവും സംരക്ഷിക്കണം

മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും ഈ ദിവസങ്ങളില്‍ കേരളസമൂഹത്തില്‍ നടക്കുന്നുണ്ടല്ലോ. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള സഹോദര്യം നാം മുറുകെപ്പിടിക്കണം. മതവികാരങ്ങളെ മുറിപ്പെടുത്തുന്നതെന്നു സംശയിക്കുന്ന കാര്യങ്ങളില്‍പോലും അതീവ വിവേകത്തോടും പരസ്പര ബഹുമാനത്തോടും കൂടി ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്തി സാഹോദര്യത്തില്‍ മുന്നോട്ടുപോകാന്‍ എല്ലാ വരും പരിശ്രമിക്കേണ്ടിയിരിക്കുന്നു.

സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നടത്തുന്ന പ്രസ്താവനകളെയും പ്രവര്‍ത്തനങ്ങളെയും അവയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍നിന്നു മാറ്റിനിര്‍ത്തി വ്യാഖ്യാനിക്കുന്നതു തെറ്റിദ്ധാരണകള്‍ക്കും ഭിന്നതകള്‍ക്കും വഴിതെളിക്കും. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇപ്പോഴുണ്ടായ കലുഷിത സാഹചര്യത്തില്‍നിന്നു സമാധാനപരമായ സൗഹൃദത്തിലേയ്ക്കും ഏവരും തിരികെ വരികയെന്നതാണു സുപ്രധാനം.

ക്രൈസ്തവസഭകളെ സംബന്ധിച്ചിടത്തോളം സ്നേഹവും സാഹോദര്യവും അടിസ്ഥാന മൂല്യങ്ങളാണ്. എല്ലാ മതവിശ്വാസികളെയും ഒരുപോലെ ബഹുമാനിക്കുകയും എല്ലാവ രോടും സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നതാണു സഭയുടെ എന്നുമുള്ള കാഴ്ച്ചപ്പാട്. സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കുവാന്‍ ക്രൈസ്തസഭകളോ സഭാശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല. സഭയുടെ ഈ കാഴ്ചപ്പാടില്‍ നിന്ന് ഒരു സാഹചര്യത്തിലും വ്യതിചലിക്കാതിരിക്കാന്‍ സഭാംഗങ്ങളെല്ലാവരും ശ്രദ്ധിക്കണം.

അതിനാല്‍, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, എല്ലാ വിവാദങ്ങളും സമാപിപ്പിച്ച് പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മുന്നേറാന്‍ നമുക്കു പരിശ്രമിക്കാം. ഇതിനായി മതാചാര്യരും രാഷ്ട്രീയനേതാക്കളും സമുദായശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങളോടു നമുക്കു സര്‍വ്വാത്മനാ സഹകരിക്കാം.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്

പ്രസിഡണ്ട്, കെ. സി. ബി. സി.

ചെയര്‍മാന്‍, കേരളാ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

Full View

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News