ബി.ജെ.പി പിന്തുണയോടെ രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്ന് 'കാസ'
'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജോയ് എബ്രഹാം കാസയുടെ പേരിൽ നേതൃത്വം അറിയാതെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ കോഴിക്കോട്ട് യോഗം വിളിച്ചുചേർക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സംഘടനയിൽനിന്ന് പുറത്താക്കിയത്.'
കോഴിക്കോട്: ബി.ജെ.പിയുടെ മേൽനോട്ടത്തിൽ രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ കക്ഷിയായ നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി)യുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ക്രിസ്ത്യൻ തീവ്രവിഭാഗമായ 'കാസ'. സംസ്ഥാന അധ്യക്ഷൻ കെവിൻ പീറ്ററാണ് ഇക്കാര്യം അറിയിച്ചത്. കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഉടൻ പ്രഖ്യാപിക്കാനിരിക്കുന്ന പാർട്ടിക്ക് കാസ പിന്തുണയുണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതിയതായി രൂപംകൊള്ളുന്ന നാഷനൽ പ്രോഗ്രസീവ് പാർട്ടിയുമായി കാസയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. എൻ.പി.പിയുമായും മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ചർച്ച നടത്താനോ നീക്കുപോക്കുകൾ നടത്താനോ കാസ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന് കെവിൻ പീറ്റർ വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
'അഡ്വ. ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് കാസ പാർട്ടിക്കൊപ്പം ചേർന്നിരിക്കുന്നതെന്നാണ് വാർത്തയുള്ളത്. എന്നാൽ, സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ പുറത്താക്കപ്പെട്ട കാസ മുൻ സെക്രട്ടറിയാണ് ഇദ്ദേഹം. കാസ ജനറൽ സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹം എൻ.പി.പിയിൽ കയറിപ്പറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജോയ് എബ്രഹാം കാസയുടെ പേരിൽ നേതൃത്വം അറിയാതെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ കോഴിക്കോട്ട് യോഗം വിളിച്ചുചേർക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സംഘടനയിൽനിന്ന് പുറത്താക്കിയത്.'
പുറത്താക്കപ്പെട്ട ശേഷം സംഘടനയിലെ കുലംകുത്തികളുമായി ചേർന്ന് കാസയെ ശിഥിലമാക്കാനുള്ള കുത്സിത പ്രവർത്തനങ്ങൾ നടത്തിവരികയാണ് ജോയ് എബ്രഹാം. എൻ.പി.പിയുടെ പ്രചാരണത്തിനു വേണ്ടി തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ കാസയുടെ പേര് ഒരിടത്തും ഉപയോഗിക്കരുതെന്നും കെവിൻ പീറ്റർ ആവശ്യപ്പെട്ടു.
Summary: The Christian extremist group 'CASA' Kerala state president Kevin Peter has said that they have no connection with the National Progressive Party(NPP), a new political party formed under the supervision of the BJP