രാമക്ഷേത്രത്തിലെ പ്രതിഷ്ഠാചടങ്ങ്; എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്ന് കാസ
അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കൽ കാലത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാം
അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൻ്റെ ജീവൽ പ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കണമെന്ന ആഹ്വാനവുമായി തീവ്ര ക്രിസ്ത്യന്‍ കൂട്ടായ്മയായ കാസ. ശ്രീരാമ പ്രതിഷ്ഠ നടക്കുമ്പോൾ ഹൈന്ദവ ജനതയ്ക്കൊപ്പം ആ വീണ്ടെടുപ്പിന്‍റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ ക്രിസ്ത്യാനികളും മതേതര സമൂഹവും ആശംസകളോടെ ഒന്നായി അണിചേരേണ്ടത് രാജ്യത്തിന്‍റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണെന്നും കാസ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കാസയുടെ കുറിപ്പ്
നാളെ അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൻ്റെ ജീവൽ പ്രതിഷ്ഠാ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും മതസൗഹാർദ്ദ മെഴുകുതിരികൾ തെളിയിക്കുക. അയോധ്യയിൽ നാളെ ശ്രീരാമ ജന്മഭൂമിയിൽ 500 വർഷങ്ങൾക്കിപുറം ശ്രീരാമ മന്ത്ര ജപങ്ങൾ അന്തരീക്ഷത്തിൽ ഉയർന്ന് രാജ്യത്തെ ഭൂരിപക്ഷ ഹൈന്ദവ ജനതയെ ഭക്തിയിൽ ആറാടിച്ചു കൊണ്ട് ശ്രീരാമ പ്രതിഷ്ഠ നടക്കുമ്പോൾ ഹൈന്ദവ ജനതയ്ക്കൊപ്പം ആ വീണ്ടെടുപ്പിന്‍റെ നീതിയുടെയും സന്തോഷത്തിൽ രാജ്യത്തെ ക്രിസ്ത്യാനികളും മതേതര സമൂഹവും ആശംസകളോടെ ഒന്നായി അണിചേരേണ്ടത് നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഏറ്റവും അത്യന്താപേക്ഷിതമാണ്.
ക്രിസ്ത്യാനികളുടെ മനസ്സിൽ എന്നും ഒരു വിലാപവും നൊമ്പരവുമായി നിൽക്കുന്ന ഹഗിയ സോഫിയയുടെ വീണ്ടെടുപ്പ് ഒരു പ്രത്യാശയായി നിൽക്കുവാൻ അയോധ്യ എന്ന ശ്രീരാമ ജന്മ ഭൂമിയുടെ വീണ്ടെടുപ്പ് കാരണമാകുന്നു. ലോകത്ത് ക്രിസ്ത്യനികൾ ഉൾപ്പെടെ എല്ലാ ജാതി മത വംശങ്ങളും അധിനിവേശങ്ങൾ നടത്തിയിട്ടുണ്ട് , പ്രസ്തുത അധിനിവേശങ്ങളിൽ ഒന്നും തന്നെ മറ്റുള്ളവരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്തു ക്രിസ്ത്യൻ പള്ളികളോ അമ്പലങ്ങളോ ബുദ്ധ വിഹാരങ്ങളോ ആക്കി മാറ്റിയിട്ടില്ല, എന്നാൽ ലോകത്ത് എവിടെയൊക്കെ ഇസ്ലാമിക ശക്തികൾ അധിനിവേശങ്ങൾ നടന്നിട്ടുണ്ടോ അവിടൊക്കെ അന്യമതസ്ഥരുടെ ആരാധനാ നിർമിതികൾ അടിച്ചു തകർത്തു അതിന്മേൽ ഇസ്ലാമിക ആരാധനാലയങ്ങൾ പണിയുകയോ , അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്തു ഇസ്ലാമിന്റെ മോസ്‌ക്കുകൾ ആക്കി പരിവർത്തനം ചെയ്യപ്പെടുകയോ ചെയപ്പെട്ടിട്ടുണ്ട്.
അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്ധമാണ് നമ്മുടെ കണ്മുന്നിൽ നാം കണ്ട ക്രിസ്ത്യൻ കത്തീഡ്രൽ ആയ ഹഗിയ സോഫിയയുടെ മേലുള്ള അധിനിവേശവും ഇപ്പോൾ ആർമേനിയൻ ക്രിസ്ത്യാനികളുടെ മേൽ അധിനിവേശം നടത്തി ക്രിസ്ത്യൻ ദേവാലയങ്ങൾ ഇസ്ലാം മോസ്‌ക്കുകൾ ആക്കി മാറ്റുന്ന പ്രവർത്തികൾ തകൃതിയായി നടക്കുന്നതും. ഇതെല്ലാം തന്നെ സ്വത്വബോധമുള്ള ഓരോ ക്രിസ്തു വിശ്വസിയെയും സംബന്ധിച്ചു നീറുന്ന വിലാപമായി എന്നും നിലനിൽക്കുക തന്നെ ചെയ്യും. രണ്ടുവർഷം മുൻപ് തുർക്കിയിൽ നടന്നതും ഇപ്പോൾ അർമേനിയിൽ നടന്നുകൊണ്ടിരിക്കുന്നതുമായപ്രവർത്തികൾ തന്നെയാണ് 500 വർഷം മുൻപ് അയോധ്യയിൽ ബാബർ എന്ന ഇസ്‌ലാമിക ഭരണാധികാരിയുടെ നേതൃത്വത്തിൽ നടന്ന അധിനിവേശത്തിലും സംഭവിച്ചത് .
അതിന്‍റെ തെളിവുകളായ ശ്രീരാമ ജന്മ ഭൂമിയുടെ ആവശിഷ്ടങ്ങൾ ബബരി മസ്ജിദിന്റെ അകത്തളങ്ങളിൽ നിന്നും ഇന്ത്യൻ ആർക്കിയോളജിസ്റ്റുകൾ ശ്രീ മുഹമ്മദിന്റെ നേതൃത്വത്തിൽ തുരന്ന് തുരന്നു കണ്ടെത്തിയതും. ഒരു ഹൈന്ദവ ഭൂരിപക്ഷ രാജ്യമായിരുന്നിട്ടുകൂടി ബലപ്രയോഗത്തിലൂടെ അത് തിരിച്ചു പിടിക്കാതെ അനേകം വർഷങ്ങൾ നടത്തിയ കോടതി നടപടികളിലൂടെ പരമോന്നത നീതിപീഠത്തിന്റെ വിധിയിന്മേലാണ് അയോധ്യയിൽ ക്ഷേത്രം തിരികെ പണിതുതീർത്തിയിരിക്കുന്നത് എന്നത് ഭാരതത്തിലെ ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥിതികളുടെയും മേന്മയാണ് ഉയർത്തിക്കാട്ടുന്നത്.
നാളെ അയോധ്യയിൽ നടക്കുന്നത് തിന്മയുടെ മേൽ നന്മ നേടിയ നീതിയുടെ വിജയമാണ്. 500 വർഷം മുൻപ് തങ്ങളുടെ ആരാധനാമൂർത്തിയുടെ ജന്മ ഭൂമിയിൽ അധിനിവേശം നടത്തി തങ്ങളുടെ അവിടെ സ്ഥാപിച്ചിരുന്ന ആരാധനാലയം പിടിച്ചെടുത്തപ്പോൾ ദുഃഖത്താൽ നീറിയ പൂർവീകരോട് അവരുടെ ഇന്നിന്റെ തലമുറ നീതി പുലർത്തുന്ന നന്മയുടെ സുദിനമാണ് നാളെ നടക്കുന്ന ജീവൽ പ്രതിഷ്ഠ........അതിൽ ജനാധിപത്യത്തിലും മതേതരത്വത്തിലും മതസൗഹാർദ്ദത്തിലും വിശ്വസിക്കുന്ന ഓരോ ഭാരതീയനും അഭിമാനിക്കാം.
ആയതിനാൽ ഭാരതത്തിലെ ക്രിസ്ത്യൻ സമൂഹവും ഇതേ ശക്തികളാൽ നമ്മുക്ക് നഷ്ട്ടപെട്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നമ്മുടെ ദേവാലയങ്ങളും വീണ്ടെടുക്കുന്നതുവരെ ഒരു വിലാപമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറാം . അയോധ്യയുടെ വീണ്ടെടുപ്പ് പോലെ നമ്മുടെ ദേവാലയങ്ങളുടെ വീണ്ടെടുപ്പും എന്നെങ്കിലും ഒരിക്കൽ കാലത്തിന്റെ പൂർത്തീകരണത്തിൽ സംഭവിക്കുമെന്ന പ്രത്യശയോടെ നമുക്കും ഹൈന്ദവ സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാം.
അയോധ്യയിൽ നടക്കുന്ന ജീവൻ പ്രതിഷ്ഠ കർമ്മത്തിന് ആശംസകൾ നേർന്നുകൊണ്ട് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നമ്മൾ ഓരോരുത്തരുടെയും ഭവനങ്ങളിൽ ഇരുട്ടിനെ അതിജീവിക്കുന്ന വെളിച്ചം അത് മതസൗഹാർദ്ദ മെഴുകുതിരി നാളങ്ങളായി മാറട്ടെ.