മനുഷ്യജീവന് ഭീഷണി; അടിപ്പാത അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസ്

മേഘ കൺസ്ട്രക്ഷൻസിനെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്

Update: 2022-10-29 07:07 GMT
Editor : banuisahak | By : Web Desk
Advertising

കാസർകോട്: കാസർകോട് പെരിയയിൽ ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന  അടിപ്പാത തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസ്. അടിപ്പാതയുടെ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിനെതിരെ ഐപിസി 336, 338, കെപി 118 എന്നീ വകുപ്പുകൾ പ്രകാരമാണ് ബേക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ പ്രവർത്തികൾ നടത്തിയതിനടക്കമാണ് കേസ്. 

അടിപ്പാത തകർന്നതിനെ പിന്നാലെ കരാർ കമ്പനിക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. നിർമാണത്തിലെ അപകടത തന്നെയാണ് കാരണമെന്ന് പ്രദേശവാസികളും അധികൃതരും പറയുന്നു. സംഭവസ്ഥലം സന്ദർശിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും മേഘ കൺസ്ട്രക്ഷൻസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കോൺക്രീറ്റ് ചെയ്തതിൽ സംഭവിച്ച പിഴവാണ് അപകടമുണ്ടാക്കിയതെന്നും നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു. 

പെട്ടെന്ന് പണി തീർക്കാനുള്ള ശ്രമത്തിനിടെ ആവശ്യത്തിന് സിമന്റും വെള്ളവും ചേർക്കാതെയാണ് കോൺക്രീറ്റ് പ്രവർത്തികൾ നടത്തിയതെന്നായിരുന്നു പുല്ലൂർ- പെരിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. അടിപ്പാത തകർന്നുവീണതിന് പിന്നാലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ആളപായമില്ലെന്ന് കമ്പനി പറയുമ്പോഴും എട്ടോളം തൊഴിലാളികൾ അപകടസമയം സ്ലാബിന് മുകളിലുണ്ടായിരുന്നു. ഇവരിൽ എത്ര പേർക്ക് പരിക്കേറ്റെന്നോ എത്ര പേർ ചികിത്സ തേടിയെന്നോ വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് തൊഴിലാളികൾ ഇറങ്ങിയോടുന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചത്. 

അടിപ്പാത തകർന്നുവീണതിന്റെ അവശിഷ്ടങ്ങൾ പെട്ടെന്ന് തന്നെ നീക്കാൻ കമ്പനി ശ്രമിച്ചതും സംശയത്തിനിടയാക്കുന്നുണ്ട്. നാട്ടുകാർ ഇടപെട്ടാണ് ഈ ശ്രമം തടഞ്ഞത്. അതേസമയം, നിർമാണത്തിലെ അപാകതകൾ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടും അധികൃതർ വേണ്ട നടപടിയെടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവ സ്ഥലത്ത് നാട്ടുകാരടക്കം പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്നുണ്ട്. 

ഇന്ന് പുലർച്ചെയാണ് കാസർകോട് ദേശീയപാതയുടെ ഭാഗമായി പെരിയ ബസ് സ്റ്റോപ്പിൽ നിർമിക്കുന്ന അടിപ്പാത തകർന്നുവീണത്. കോൺക്രീറ്റ് ചെയ്യുന്നതിനിടെ അടിപ്പാത നിലംപൊത്തുകയായിരുന്നു. നേരത്തെ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോൺക്രീറ്റ് ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കമ്പി പാകിയതിന് ശേഷം ഇന്ന് പുലർച്ചെ കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അടിപ്പാത തകർന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News