സിദ്ധാർഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണം; യുക്തിവാദി നേതാവ് കെ. ജാമിതയ്‌ക്കെതിരെ കേസെടുത്തു

'തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തിൽ, മരണം പിന്നാലെയുണ്ട്' എന്ന തലക്കെട്ടോടെ മധസ്പർധയും കലാപവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്

Update: 2024-03-24 09:51 GMT
Editor : Shaheer | By : Web Desk
Advertising

കൽപറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാർഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്. യുക്തിവാദി നേതാവ് കെ. ജാമിതയ്‌ക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്. വ്യാജപ്രചാരണത്തിലൂടെ മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് പറയുന്നു.

ജാമിത ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ സിദ്ധാർഥന്റെ മരണത്തിന്റെ മറവിൽ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് കേസ്. വൈത്തിരി എസ്.ഐ പ്രശോഭ് പി.വി ആണ് വിഷയത്തിൽ സ്വമേധയാ കേസെടുത്തത്. 'തട്ടമിട്ട കൂട്ടുകാരുണ്ടോ കലാലയത്തിൽ, മരണം പിന്നാലെയുണ്ട്' എന്ന തലക്കെട്ടോടെ ഇരു മതവിഭാഗങ്ങൾക്കിടയിലുള്ള ഐക്യം തകർത്ത് മധസ്പർധയും കലാപവും ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയും കരുതലോടെയും വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്‌തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

വിഷയത്തിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിൽ നിരവധി വിഡിയോകളാണ് ജാമിത യൂട്യൂബിൽ പ്രസിദ്ധീകരിച്ചത്. സിദ്ധാർഥനെ കൊല്ലുന്നത് കണ്ടാസ്വദിച്ച തട്ടമിട്ടവളുമാരെ തൂക്കിക്കൊല്ലണം, സിദ്ധാർഥനെ കൊന്നിട്ടും തട്ടമിട്ടവളുമാർക്ക് പകതീർന്നില്ല, കൊന്നിട്ടും തിന്നിട്ടും ഉമ്മച്ചിക്കുട്ടികൾക്ക് പകയും കലിയും അടങ്ങുന്നില്ല, തട്ടമിട്ട രണ്ടു കുട്ടികൾ സിദ്ധാർഥന്റെ നിലവിളി കണ്ടാസ്വദിച്ചു തുടങ്ങിയുള്ള തലക്കെട്ടുകളിലാണ് വിവിധ വിഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിദ്വേഷ പ്രചാരണങ്ങളിലൂടെ മുൻപും വിവാദം സൃഷ്ടിച്ചയാളാണ് ജാമിത. പിണറായി വിജയനെ മുൻസീറ്റിൽ ഇരുത്തി സമസ്തയാണ് കേരളം ഭരണം നിയന്ത്രിക്കുന്നതെന്ന് നേരത്തെ ഇവർ ആരോപിച്ചിരുന്നു.

Summary: Wayanad's Vythiri police registers case against rationalist leader K Jamitha for spreading hate speech over Siddharthan's death at Pookode Veterinary University

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News