തൊണ്ടിമുതൽ കേസ്: മന്ത്രി ആന്റണി രാജുവിനെതിരായ പുനരന്വേഷണം സുപ്രിംകോടതി മരവിപ്പിച്ചു
33 വർഷം പഴക്കമുള്ള കേസിൽ പുനരന്വേഷണം നടത്തുന്നത് തനിക്ക് മാനസിക പീഡനം സൃഷ്ടിക്കുന്നെന്ന് ആന്റണി രാജു ഹരജിയിൽ ആരോപിച്ചു
ന്യൂഡൽഹി: മന്ത്രി ആന്റണി രാജുവിന് എതിരായ തൊണ്ടിമുതൽ കേസിൽ പുനരന്വേഷണം സുപ്രിം കോടതി മരവിപ്പിച്ചു. ആറ് ആഴ്ചത്തേക്ക് ആണ് ജസ്റ്റിസ് സിടി രവികുമാർ അധ്യക്ഷനായ ബെഞ്ച് അന്വേഷണം സ്റ്റേ ചെയ്തത്.
ചീഫ് ജുഡിഷ്യൽ മജിസ്ട്രറ്റ് കോടതി നടത്തുന്ന അന്വേഷണമാണ് സ്റ്റേ ചെയ്തത്. കോടതിയിലെ തൊണ്ടി മുതലിൽ കൃത്രിമത്വം നടന്നാൽ പൊലീസിന് കേസ് എടുക്കാൻ കഴിയില്ലെന്ന സാങ്കേതിക വാദം ചൂണ്ടിക്കാട്ടി ആണ് ഹൈക്കോടതി പൊലീസ് എഫ്‌ഐആർ റദ്ദാക്കിയത്. എന്നാൽ മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചിരുന്നു. ഇതിന് എതിരെ ആണ് മന്ത്രി ആന്റണി രാജു സുപ്രിം കോടതിയെ സമീപിച്ചത്. 33 വർഷം പഴക്കമുള്ള കേസിൽ പുനരന്വേഷണം നടത്തുന്നത് തനിക്ക് മാനസിക പീഡനം സൃഷ്ടിക്കുന്നെന്ന് ആന്റണി രാജു ഹരജിയിൽ ആരോപിച്ചു.
കേസിൽ എല്ലാ വശങ്ങളും പരിശോധിക്കേണ്ടത് ഉണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവികുമാർ ഉൾപ്പെട്ട ബെഞ്ച് കേസ് ഇന്ന് പരിഗണിക്കാൻ മാറ്റിയത്. ആന്റണി രാജുവിന്റെ വാദം അംഗീകരിച്ച കോടതി കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നടത്തുന്ന പുനരന്വേഷണം ആറ് ആഴ്ചത്തേക്ക് മരവിപ്പിച്ചു. കേസിൽ ആറാഴ്ചക്ക് ശേഷം വീണ്ടും വാദം കേൾക്കും. ഹൈക്കോടതി ഉത്തരവിന് എതിരെ പരാതിക്കാരൻ സമർപ്പിച്ച ഹരജിയും കോടതി പരിഗണിച്ചു. സംസ്ഥാന സർക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.