കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി; സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരേ കേസ്
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പിൽ നടന്ന പരിപാടിക്കെതിരെയാണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കാണിച്ച് നിയമനടപടി
സമസ്ത യുവജന വിഭാഗം നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുയോഗം സംഘടിപ്പിച്ചതിനാണ് തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. പൂക്കോട്ടൂരിനു പുറമെ സമസ്ത, മുസ്‍ലിം ലീഗ് നേതാക്കളായ 12 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ കഴിഞ്ഞ ദിവസം പൂക്കിപ്പറമ്പിൽ നടന്ന പരിപാടിക്കെതിരെയാണ് നിയമനടപടി. തെന്നല പഞ്ചായത്ത് മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും 200ഓളം പേരെ പങ്കെടുപ്പിച്ച് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലാണ് പൊതുസമ്മേളനം നടന്നതെന്ന് എഫ്‌ഐആറിൽ പറയുന്നു.
പ്രിയൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. ശരീഫ് വടക്കയിൽ, അബ്ദുൽഖാദർ ഖാസിമി, പിവി മൊയ്തീൻ, പികെ റസാഖ് തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ള നേതാക്കൾ.