അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; നന്ദകുമാറിനെതിരെ കേസെടുത്തു

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ മാപ്പ് പറഞ്ഞ് നന്ദകുമാർ രംഗത്തെത്തിയിരുന്നു

Update: 2023-08-29 08:56 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെ കേസെടുത്തു. സ്ത്രീത്വ അപമാനിച്ച് പോസ്റ്റ് ഇട്ടതിനാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

പരാതി നൽകിയതിന് പിന്നാലെ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണത്തിൽ മാപ്പ് പറഞ്ഞ് നന്ദകുമാർ രംഗത്തെത്തിയിരുന്നു.''ഏതെങ്കിലും വ്യക്തിയെ വ്യക്തമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായിപ്പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു''-നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നന്ദകുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു പരാതി നൽകിയിരുന്നു. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News