സിൽവർ ലൈൻ സർവേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചയാൾക്കെതിരെ കേസ്
സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് ഇന്ന് മാർച്ച് നടത്തും
Update: 2022-01-08 05:32 GMT
കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേ കല്ല് പിഴുതെറിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് ഇന്ന് മാർച്ച് നടത്തും.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് പുത്തൻപുരയിൽ രാഹുൽ. 'പണി തുടങ്ങിയിട്ടുണ്ട്‌ട്ടോ' എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ സർവേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മാടായിപ്പാറയിൽ അഞ്ചാം വാർഡ് അംഗമായ പി. ജനാർദ്ധനന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചതിന്റെ പേരിൽ കെ റെയിൽ വിഷയത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.