കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസ്; പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും.

Update: 2021-10-27 02:34 GMT
Advertising

മലപ്പുറം കൊണ്ടോട്ടിയിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഒബ്സെർവേഷൻ ഹോമിലേക്ക് മാറ്റി. പത്താം ക്ലാസുകാരനായ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും. ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.  

ഇന്നലെ ഉച്ചയോടെയാണ് 21 വയസുള്ള വിദ്യാർത്ഥിനിയെ ആക്രമിച്ച കേസില്‍ പ്രതി പിടിയിലായത്. വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രിയായിരുന്നു പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്. പ്രതി കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്.പി വ്യക്തമാക്കിയിരുന്നു. പീഡനം തന്നെയായിരുന്നു ഉദ്ദേശം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.  

കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.

പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്നു ലഭിക്കുകയുണ്ടായി. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറത്തു നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയുണ്ടായി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News