നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയുമായ വിപിൻലാൽ ആണ് കോടതിയെ സമീപിച്ചത്
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കാസർകോട് ഹൊസ്ദുർഗ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരനും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയുമായ വിപിൻലാൽ ആണ് കോടതിയെ സമീപിച്ചത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് വിപിൻലാൽ നേരത്തെ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ കെ.ബി. ഗണേഷ്കുമാർ എം.എൽ.എ.യുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയെ പൊലീസ് അറസ്റ്റും ചെയ്തു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിനായിരുന്നു അന്വേഷണച്ചുമതല. ഇതോടെ അന്വേഷണം നിലച്ചെന്നാണ് വിപിൻലാലിന്‍റെ ആക്ഷേപം.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനുശേഷം കേസിൽ തുടർനടപടികളോ മറ്റ് അന്വേഷണമോ നടക്കാത്തതിനാൽ കോടതി നിരീക്ഷണത്തിൽ തുടരന്വേഷണം വേണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. അന്വേഷണം തുടങ്ങി ഒരു വർഷമായിട്ടും കുറ്റപത്രം പോലും സമർപ്പിച്ചില്ലെന്നും ഹരജിയിൽ പരാതിയുണ്ട്.