ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസ്; തുടർനടപടികൾ അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി
ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സൈബി എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന സൈബി ജോസിന്റെ ഹരജിയിൽ തുടർനടപടികൾ അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി. തുടർ നടപടി അവസാനിപ്പിക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് ഇനിയും ലഭിച്ചിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സൈബി എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തോളമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ഹൈക്കോടതിയിൽ ഇത്തരത്തിൽ ഹരജി പരിഗണിക്കുന്നത് ശരിയല്ല എന്നാണ് ഡയറക്ടർ ജനറൽ പ്രോസിക്യൂഷന്റെ വാദം.
ഈ ഹരജിയുടെ തുടർനടപടികൾ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയോട് ഡിജിപി ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് എഫ്ഐആർ റദ്ദാക്കണമെന്ന നൂറോളം ഹരജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മാത്രമല്ല, സൈബിയുടെ കേസിൽ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പടെ ഹാജരാക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അതിനാൽ, എഫ്ഐആർ റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തിൽ തുടർനടപടികൾ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സർക്കാരിനോട് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.