'കൃത്യനിർവഹണം തടസ്സപ്പെടുത്തി'; ആലത്തൂരിൽ പൊലീസുമായി വാക്കു തർക്കത്തിലേർപ്പെട്ട അഭിഭാഷകനെതിരെ കേസ്
എസ്‌ഐക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകന്റെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്
പാലക്കാട്: ആലത്തൂരിൽ പൊലീസുമായി വാക്കുത്തർക്കത്തിലേർപ്പെട്ട അഭിഭാഷകനെതിരെ കേസെടുത്തു. അഡ്വക്കേറ്റ് ആഖ്വിബ് സുഹൈലിനെതിരെയാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാട്ടി ആലത്തൂർ പൊലീസ് കേസെടുത്തത്...
കസ്റ്റഡിയിലുള്ള വാഹനം വിട്ടുതരാൻ ആവശ്യപ്പെട്ട് കോടതി ഉത്തരവുമായി എത്തിയ ആഖ്വിബും എസ്‌ഐയും തമ്മിൽ ഇന്നലെയാണ് വാക്കുതർക്കമുണ്ടായത്. ഒരു മാസം മുമ്പ് ആലത്തൂർ ഭാഗത്ത് വച്ചുണ്ടായ ബസപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഈ ബസ് വിട്ടുകിട്ടാൻ കോടതി ഉത്തരവുമായി അഖ്വിബ് സ്റ്റേഷനിലെത്തിയെങ്കിലും പൊലീസുമായി വാക്കുതർക്കമുണ്ടാവുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്. ഇതിന് പിന്നാലെ അഭിഭാഷകനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ചിറ്റൂർ കോടതി പരിസരത്ത് വെച്ചും അഭിഭാഷകൻ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വൈരാഗ്യം തീർത്തതാണെന്നാണ് അഭിഭാഷകന്റെ വാദം. സംഭവത്തിൽ എസ്‌ഐക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകന്റെ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.