കാതോലിക്ക ബാവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അറിയിച്ചു
മലങ്കര ഓർത്തഡോക്സ് സഭയുടെ പരാമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായി ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അറിയിച്ചു. ക്യാൻസർ ബാധിതനായ അദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവില്‍ പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
രണ്ട് വർഷത്തിലേറെയായി അദ്ദേഹം ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസമാണ് കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആരോഗ്യനില വഷളായത്. കഴിഞ്ഞ ദിവസങ്ങളിലായി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, കാതോലിക്ക ബാവയുടെ ആരോഗ്യനില സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും സഭാ സെക്രട്ടറി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. സഭയിലെ മറ്റു പ്രമുഖരും ആശുപത്രിയിലെത്തിയിരുന്നു. അണുബാധയേല‍്‍ക്കുമെന്നതിനാല്‍ സന്ദര്‍ശകരെ നിയന്ത്രിക്കാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും സഭാ സെക്രട്ടറി വ്യക്തമാക്കി.