ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമിക്കാനും ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും 42.90 ലക്ഷം

മുഖ്യമന്ത്രിയുടെ യാത്ര ഇനി പുത്തൻ കിയാ കാർണിവലിലാക്കാൻ സർക്കാർ ഇന്നലെ തീരുമാനിച്ചിരുന്നു

Update: 2022-06-26 10:01 GMT
Advertising

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമിക്കാനും ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ യാത്ര ഇനി കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തി പുതുപുത്തൻ കിയാ കാർണിവലിലാക്കാൻ ഇന്നലെ സർക്കാർ തീരുമാനിച്ചിരുന്നു. വാഹനത്തിന് 33,31,000 രൂപയാണ് വിലവരുന്നത്. കറുത്ത നിറത്തിലെ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 സീറ്റർ ആണ്. പുതിയ വാഹനം വാങ്ങാൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി ടി.കെ.ജോസ് ഉത്തരവിറക്കി. മുഖ്യമന്ത്രിക്കായി വാങ്ങാനുദ്ദേശിച്ച ടാറ്റാ ഹാരിയറിന് പകരം പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കിയാ കാർണിവൽവാങ്ങുന്നതാണ് അഭികാമ്യമെന്ന് പൊലീസ് മേധാവി അനിൽകാന്ത് ശുപാർശ ചെയ്തിരുന്നു. ഇത് അംഗീകരിച്ച് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ ഡി.ജി.പി അനുമതി തേടി.



ഡി.ജി.പിയുടെ ശുപാർശ വിശദമായി പരിശോധിച്ച സർക്കാർ, മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ പുതുക്കിയ അനുമതി നൽകി. എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി നിലവിലുള്ള KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ വടക്കൻ ജില്ലകളിലെ എസ്‌കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തിയും ഉത്തരവിറക്കി.

നിലവിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന KL-01 CD 4857, KL-01 CD 4764 നമ്പറുകളിലുള്ള ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾ ആഭ്യന്തര വകുപ്പിന്റെ ആവശ്യത്തിന് വിനിയോഗിക്കാമെന്നായിരുന്നു നേരത്തേയുള്ള ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ വാഹനങ്ങൾ പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിക്ക് തന്നെ നിലനിർത്താൻ തീരുമാനിച്ചു. എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഈ വാഹനങ്ങൾ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിൽ നിലനിർത്തും. ഇവയുടെ ശരിയായ സംരക്ഷണത്തിന് കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ വടക്കൻ ജില്ലകളിൽ എസ്‌കോർട്ട് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നതിന് അനുമതി നൽകണമെന്നും ഡിജിപി അനിൽകാന്ത് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് , പൈലറ്റ് ഡ്യൂട്ടിക്കായി ടൊയോട്ടയുടെ മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ 62.46 ലക്ഷം രൂപ മുടക്കി വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ അനുമതി നൽകിയിരുന്നു. സർക്കാരിനുള്ള പ്രത്യേക നിരക്കിൽ 23,17,739 രൂപയ്ക്ക് ഇന്നോവ ക്രിസ്റ്റയും 32,21,750 രൂപയ്ക്ക് രണ്ട് ഇന്നോവ ക്രിസ്റ്റ ജി പ്ലസും വാങ്ങാൻ 55,39,309 രൂപ ചെലവഴിച്ചു.


Full View

cattle Shed will be constructed at Cliff House of Kerala CM at a cost of Rs 42.90 lakh

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News