താനൂർ കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും വിജ്ഞാപനം ഇറങ്ങിയില്ല; സി.ബി.ഐ അന്വേഷണം വൈകുന്നു
സി.ബി.ഐ അന്വേഷണം വൈകുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും എൻ. ഷംസുദ്ദീൻ എം.എൽ.എ
മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം വൈകുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതല്ലാതെ സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിട്ടില്ല. ഓഫിസിൽ വിജ്ഞാപനം എത്തിയാൽ മാത്രമേ സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുക്കുകയുള്ളൂ. കസ്റ്റഡിക്കൊലയിൽ കുറ്റാരോപിതരായ ഡാൻസാഫ് സംഘം ഒളിവിൽ പോയതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.
താമിർ ജിഫ്രിയെ അതിക്രൂരമായി മർദിച്ചാണ് പൊലീസ് കൊലപ്പെടുത്തിയതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല.
ഡാൻസാഫ് സംഘം ഒളിവിൽ പോയതോടെ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രതിസന്ധിയിലായിരിക്കുകയാണ്. താമിറിനെ ആക്രമിച്ച പൊലീസുകാരുടെ മെഴിയെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം.
താമിർ കസ്റ്റഡിക്കൊലയിൽ നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ എൻ. ഷംസുദ്ദീൻ എം.എൽ.എ 'മീഡിയവണി'നോട് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കി കേസ് സി.ബി.ഐക്ക് കൈമാറി വിജ്ഞാപനം ഇറക്കണം.
എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കണം. സി.ബി.ഐ അന്വേഷണം വൈകുന്നത് തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.
Summary: CBI probe delayed in Thamir Jifri's custodial death in Tanur. The government has not issued any notification except Chief Minister Pinarayi Vijayan has announced an inquiry into the incident