പണമടക്കാത്തതിനാല്‍ സേവനങ്ങള്‍ നിര്‍ത്തുമെന്ന് സിഡിറ്റ്; മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ സ്തംഭനത്തിലേക്ക്
കരാര്‍ കമ്പനിക്ക് പണമടക്കാത്തതിനാല്‍ ലൈസന്‍സ്, ആര്‍.സി ബുക്ക് അച്ചടി നിലച്ചിരിക്കുകയാണ്
പണമടക്കാത്തതിനാൽ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ സ്തംഭനത്തിലേക്ക്. ഫെബ്രുവരി അവസാനത്തിനകം സേവനതുക കൈമാറിയില്ലെങ്കില്‍ എം.വി.ഡിക്കുള്ള ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങള്‍ നിര്‍ത്തിവക്കുമെന്ന് സിഡിറ്റ് കത്ത് നല്‍കി.
കരാര്‍ കമ്പനിക്ക് പണമടക്കാത്തതിനാല്‍ ലൈസന്‍സ്, ആര്‍.സി ബുക്ക് അച്ചടി നിലച്ചിരിക്കുകയാണ്. ഇതെങ്ങനെ പരിഹരിക്കുമെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി എന്ന സിഡിറ്റും മോട്ടോര്‍ വാഹന വകുപ്പിനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.
മോട്ടോർ വാഹന ഓഫീസുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടര്‍ സേവനങ്ങള്‍, സോഫ്റ്റ്വെയര്‍, വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മെയിന്റനന്‍സ്, സ്റ്റേഷനറി സാധനങ്ങള്‍ എത്തിച്ച് നല്‍കുക തുടങ്ങി ഓഫീസ് ശുചീകരണം വരെ ചെയ്യുന്നത് സിഡിറ്റാണ്. 2010ല്‍ ഒപ്പുവെച്ച കരാര്‍ പലതവണ നീട്ടി നല്‍കുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഫെസിലിറ്റി മാനേജ്മെന്റ് സേവനങ്ങള്‍ക്കുള്ള തുക എം.വി.ഡി അടക്കുന്നില്ല. 6.58 കോടിയാണ് എം.വി.ഡി സിഡിറ്റിന് കുടിശ്ശിക വരുത്തിയത്. ഇതോടെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തുമെന്ന് കാണിച്ച് സിഡിറ്റ് എം.വി.ഡിക്ക് കത്ത് കൈമാറി.
മോട്ടോർ വാഹന വകുപ്പ് ഓഫീസുകളില്‍ വിന്യസിച്ച ജീവനക്കാരെ പിന്‍വലിക്കുമെന്നും സിഡിറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ തുക അടച്ചില്ലെങ്കില്‍ സംസ്ഥാന മോട്ടോര്‍ വാഹന ഓഫീസുകള്‍ സ്തംഭിക്കും. മോട്ടോര്‍ വാഹന സേവനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് സിഡിറ്റ് പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കാനാണ്. ആ തുകയൊക്കെ എന്ത് ചെയ്തെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.