എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ പദ്ധതി; സെൽ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ
മന്ത്രി മുഹമ്മദ് റിയാസ് ചെയര്‍മാനായതിനു ശേഷം ഒറ്റത്തവണയാണ് സെല്‍ യോഗം ചേര്‍ന്നത്.
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ നിർത്തിവെക്കാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന് ആരോപണം. പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായുള്ള സെൽ പ്രവർത്തിക്കുന്നില്ല. സെൽ യോഗം ചേർന്നിട്ട് എട്ട് മാസം കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായുള്ള സെല്‍ പുനഃസംഘടിപ്പിച്ചത്. അന്നത്തെ എക്സൈസ് മന്ത്രി എം.വി.ഗോവിന്ദനെ ചെയര്‍മാനാക്കി സെൽ പ്രഖ്യാപിച്ചു. ആദ്യ പിണറായി സർക്കാരിന്റെ കാലം വരെ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു സെല്ലിന്റെ ചെയർമാൻ. ആ കീഴ്വഴക്കം മാറ്റിയാണ് അന്ന് എം.വി ഗോവിന്ദനെ ചെയർമാനാക്കിയത്. എം.വി ഗോവിന്ദൻ മന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സെൽ വീണ്ടും നിശ്ചലമായി.
ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷം മന്ത്രി മുഹമ്മദ് റിയാസിനെ ചെയർമാനാക്കി. അവസാനമായി യോഗം ചേർന്നത് ഈ വര്‍ഷം ജനുവരി എട്ടിനായിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് ചെയര്‍മാനായതിനു ശേഷം ഒറ്റത്തവണയാണ് സെല്‍ യോഗം ചേര്‍ന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ നിർത്തിവെക്കാനുള്ള നീക്കമാണോ സർക്കാർ നടത്തുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സംശയിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയായിരുന്നു എന്‍ഡോസള്‍ഫാന്‍ ജില്ലാതല സെല്‍. പ്രശ്നങ്ങള്‍ പറയാനും പരിഹരിക്കാനുമുള്ള വേദി ഇല്ലാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് ദുരിത ബാധിതര്‍.