സ്മാര്‍ട്ട് മീറ്ററില്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെ.എസ്.ഇ.ബിക്ക് നല്‍കിയ കോടികളുടെ സഹായ ധനം തിരിച്ചടക്കേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് മീറ്ററില്‍ സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെ.എസ്.ഇ.ബിക്ക് നല്‍കിയ കോടികളുടെ സഹായ ധനം തിരിച്ചടക്കേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം. ഇതുവരെ ചെയ്ത പ്രവൃത്തികളുടെ റിപ്പോര്‍ട്ട് ഈ മാസം 15ന് സമര്‍പ്പിക്കാനും നിര്‍ദേശം.
വിതരണ മേഖലയുടെ നഷ്ടം നികത്താനായി 2235.78 കോടിയുടെ അനുമതിയാണ് കേരളത്തിന് ലഭിച്ചത്. ഇതില്‍ 60 ശതമാനം കേന്ദ്ര സഹായം ലഭിക്കും. ഗ്രാന്‍ഡിന്‍റെ ആദ്യ ഗഡു ലഭിക്കണമെങ്കില്‍ ഒന്നാംഘട്ട സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങി ഈ മാസം അവസാനത്തോടുകൂടി പൂര്‍ത്തിയാക്കേണ്ടതാണ്. ഇത് നടപ്പിലാക്കിയില്ലെങ്കില്‍ മുന്‍കൂര്‍ ആയി ലഭിച്ച 67 കോടി രൂപ തിരിച്ച് നല്‍കേണ്ടി വരും. വൈദ്യുതി വിതരണ മേഖലയിലെ വികസനത്തിനുള്ള ബാക്കി തുകയും തടസപ്പെടും.
കെ.എസ്.ഇ.ബിയിലെ ഇടത് സംഘടനകളടക്കം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലെ വ്യവസ്ഥകള്‍ക്ക് എതിരാണ്. യൂണിയനുകളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ ഈ മാസം 12ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. വൈദ്യുതി മേഖലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 11,000 കോടി കൂടി അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിന്‍റെയെല്ലാം ഭാവി സ്മാര്‍ട്ട് മീറ്ററിലാണ്.