മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും വേട്ടയാടലിനും മുതലും പലിശയും ചേർത്ത് പുതുപ്പള്ളിക്കാർ നൽകി-പി.കെ കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായൊരു യാത്രയപ്പാണ് പുതുപ്പള്ളിക്കാർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നൽകിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും വേട്ടയാടലിനും ജനദ്രോഹ ഭരണത്തിനും കൂടി മുതലും പലിശയും ചേർത്ത് പുതുപ്പള്ളിക്കാർ നൽകിയ മറുപടിയാണ് ചാണ്ടി ഉമ്മന്‍റെ വിജയമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായൊരു യാത്രയപ്പാണ് പുതുപ്പള്ളിക്കാർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന് സ്നേഹാഭിവാദ്യങ്ങള്‍ നേർന്നുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പുതുപ്പള്ളിയിലെ 182 ബൂത്തിൽ ഒരിടത്ത് മാത്രമാണ് (ബൂത്ത് 153) എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് മേൽക്കൈ നേടാനായത്. മീനടം പഞ്ചായത്തിലെ പുതുവയലിൽ 15 വോട്ടുകളുടെ ലീഡാണ് ജെയ്കിന് കിട്ടിയത്. ഇവിടെ ജെയ്കിന് 340 വോട്ടു കിട്ടിയപ്പോൾ ചാണ്ടി ഉമ്മന് 325 വോട്ടാണ് ലഭിച്ചത്. മറ്റിടത്തെല്ലാം യുഡിഎഫ് സ്ഥാനാർത്ഥി വ്യക്തമായ മേധാവിത്വം നിലനിർത്തി. ഉമ്മൻചാണ്ടി മത്സരിച്ചപ്പോൾ 1213 വോട്ടിന്റെ ലീഡാണ് ജെയ്കിനുണ്ടായിരുന്നത്. യാക്കോബായ സഭയ്ക്ക് നിർണായക സ്വാധീനമുള്ള മേഖല ഇടതിനെ കൈവിട്ടു എന്ന് തെളിയിക്കുന്നതാണ് ജനവിധി.
വോട്ടെണ്ണിയ ആദ്യ പഞ്ചായത്തായ അയർകുന്നത്ത് ലഭിച്ച മേധാവിത്വം ഫലത്തിന്റെ സൂചനയായിരുന്നു. ഇവിടെ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചതോടെ ഇടതു കേന്ദ്രങ്ങളുടെ പ്രതീക്ഷ മങ്ങുകയും യുഡിഎഫ് പ്രവർത്തകർ ആഹ്ലാദാരവങ്ങളുമായി തെരുവിലിറങ്ങുകയും ചെയ്തു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ അടുത്തെത്തിയില്ല എന്നത് കോൺഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി.
പുതുപ്പള്ളിയിൽ 37719 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മന്റെ ജയം. 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33225 വോട്ടിന്റെ ഭൂരിപക്ഷമാണ് മകൻ മറികടന്നത്. ചാണ്ടി ഉമ്മന് ആകെ ലഭിച്ചത് 80,144 വോട്ടാണ്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന് 42425 വോട്ടും ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് 6558 വോട്ടും ലഭിച്ചു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണര്‍കാട് മാലത്ത് യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കും നാട്ടുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ചാണ്ടി ഉമ്മൻ മണർകാട് ദേവീക്ഷേത്രം സന്ദർശിക്കാൻ എത്തിയതിനു പിന്നാലെയാണ് സംഘർഷം ഉണ്ടായത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രൗഢമായൊരു യാത്രയപ്പാണ് പുതുപ്പള്ളിക്കാർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നൽകിയിരിക്കുന്നത് . അവരുടേത് മാത്രമായ, അവർക്ക് മാത്രം സാധ്യമായൊരു യാത്രാമൊഴി ഇതിലും ഉജ്ജ്വലമായി ഇനി എങ്ങനെയാണ് നൽകുക. മരിച്ചിട്ടും തീരാത്ത വ്യക്തിഹത്യക്കും, വേട്ടയാടലിനും, ജനദ്രോഹ ഭരണത്തിനും കൂടി മുതലും പലിശയും ചേർത്ത് പുതുപ്പള്ളിക്കാർ നൽകിയ മറുപടി കൂടിയാണിത്. നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മന് സ്നേഹാഭിവാദ്യങ്ങൾ..