രണ്ട് ഗ്രൂപ്പ് നേതാക്കന്‍മാര്‍ തീരുമാനമെടുക്കുന്ന കാലം കഴിഞ്ഞെന്ന് സുധാകരന്‍; കോണ്‍ഗ്രസില്‍ അധികാരസമവാക്യം മാറുന്നു

ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അവരുടെ പേരെടുത്ത് പറഞ്ഞു തന്നെ സുധാകരന്‍ മറുപടി പറഞ്ഞു. ഉമ്മന്‍ചാണ്ടി എഴുതി നല്‍കിയ പേരുകള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

Update: 2021-08-29 12:22 GMT
Advertising

ഒന്നരപതിറ്റാണ്ട് കാലത്തോളം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കാര്യങ്ങള്‍ തീരുമാനിച്ച കോണ്‍ഗ്രസില്‍ അധികാരസമവാക്യങ്ങള്‍ മാറുന്നു. എ, ഐ ഗ്രൂപ്പുകളുടെ താല്‍പര്യത്തിനനുസരിച്ച് സ്ഥാനങ്ങള്‍ വീതംവെക്കുന്ന രീതിമാറി കെ.സുധാകരന്‍, വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍ എന്നിവരിലേക്ക് കോണ്‍ഗ്രസിലെ അധികാരകേന്ദ്രം മാറുന്നതാണ് ഡി.സി.സി പുനഃസംഘടനയിലൂടെ തെളിയുന്നത്. രണ്ട് ഗ്രൂപ്പ് നേതാക്കന്‍മാര്‍ ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്ന കാലം കഴിഞ്ഞെന്ന കെ.സുധാകരന്റെ പ്രസ്താവനയിലൂടെ അദ്ദേഹം ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നല്‍കുന്ന സന്ദേശം വ്യക്തമാണ്.

പാര്‍ട്ടിപുനഃസംഘടന നടക്കുമ്പോള്‍ പൊട്ടലും ചീറ്റലും കോണ്‍ഗ്രസില്‍ പതിവാണ്. ആരും പരസ്യപ്രസ്താവന നടത്തരുതെന്ന അഭ്യര്‍ത്ഥനയിലൂടെയാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ അത്തരം എതിര്‍പ്പുകളോട് പ്രതികരിക്കാറുള്ളത്. എന്നാല്‍ അച്ചടക്കത്തിന്റെ വാള്‍ വീശിയാണ് കെ.സുധാകരന്‍ ഇത്തരക്കാരെ നേരിട്ടത്. കെ.സി വേണുഗോപാല്‍ ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കെ.ശിവദാസന്‍ നായരെയും കെ.പി അനില്‍കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തതായി പ്രഖ്യാപിച്ച സുധാകരന്‍ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് നല്‍കിയത്.



 ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് അവരുടെ പേരെടുത്ത് പറഞ്ഞു തന്നെ സുധാകരന്‍ മറുപടി പറഞ്ഞു. ഉമ്മന്‍ചാണ്ടി എഴുതി നല്‍കിയ പേരുകള്‍ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. എത്ര ഉന്നതനായാലും പാര്‍ട്ടി അച്ചടക്കത്തിന് വഴങ്ങണമെന്ന് തന്നെയാണ് സുധാകരന്‍ ഇതിലൂടെ വ്യക്തമാക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശനാവട്ടെ ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനങ്ങളെ പരസ്യമായി ഖണ്ഡിച്ച് സുധാകരന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു.

ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പ് സ്വാധീനം കാണാമെങ്കിലും ഗ്രൂപ്പ് മാനേജര്‍മാരുടെ പ്രിയപ്പെട്ടവരല്ല അവര്‍ എന്നതാണ് ശ്രദ്ധേയം. എ, ഐ ഗ്രൂപ്പുകള്‍ക്ക് മുമ്പത്തെപ്പോലെ ശക്തിയില്ല എന്നതും ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും പ്രതിസന്ധിയിലാക്കുന്നു. സുധാകരന്റെയും സതീശന്റെയും വരവോടെ യുവനേതാക്കളില്‍ വലിയൊരു വിഭാഗം അവര്‍ക്കൊപ്പമാണ്. ഗ്രൂപ്പില്‍ നില്‍ക്കുമ്പോഴും സുധാകരനും സതീശനും എടുക്കുന്ന തീരുമാനങ്ങളോട് അവര്‍ക്ക് എതിര്‍പ്പില്ല. പ്രവര്‍ത്തകരില്‍ വലിയൊരുവിഭാഗം സുധാകരന്റെ തീരുമാനങ്ങളെ പിന്തുണക്കുന്നു. സോഷ്യല്‍ മീഡിയയില്‍ സുധാകരനും സതീശനും ലഭിക്കുന്ന പിന്തുണ ഇത് വ്യക്തമാക്കുന്നതാണ്.

പരമ്പരാഗത എ,ഐ ഗ്രൂപ്പുകള്‍ അസ്തമയത്തിന്റെ വക്കിലാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെക്കൂടി പ്രഖ്യാപിക്കുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസില്‍ നിലവിലെ അധികാരകേന്ദ്രങ്ങള്‍ പൂര്‍ണമായി തകരുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News