സൗദിയിലേക്കുള്ള വിസാ നടപടികളിൽ മാറ്റം; നട്ടം തിരിഞ്ഞ് പ്രവാസികൾ
വിസാ സ്റ്റാംപിങ് വിഎഫ്എസ് സെന്ററുകൾ വഴിയാക്കിയതോടെ വിസ ലഭിക്കുന്നതിനായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്
സൗദിയിലേക്കുള്ള വിസ നടപടികളിൽ മാറ്റം വന്നതോടെ നട്ടം തിരിഞ്ഞ് പ്രവാസികളും കുടുംബങ്ങളും. വിസാ സ്റ്റാംപിങ് വിഎഫ്എസ് സെന്ററുകൾ വഴിയാക്കിയതോടെ വിസ ലഭിക്കുന്നതിനായി മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. വിസ നടപടി ക്രമങ്ങളിലെ പരിഷ്കാരങ്ങളും പ്രവാസികളെ വലയ്ക്കുന്നു...
മാസങ്ങൾക്ക് മുൻപാണ് സൗദിയിലേക്കുള്ള വിസ നടപടികളിൽ മാറ്റം വന്നത്. കേരളത്തിലെ ഏതങ്കിലും ട്രാവൽസ് വഴി മുൻപ് വിസ നടപടികൾ ചെയ്യാമായിരുന്നു. ഇപ്പോൾ വിഎഫ്എസ് സെന്ററിലൂടെ മാത്രമേ വിസ സേവനങ്ങൾ ലഭിക്കു. ഇന്ത്യയിൽ ആകെ 9 വിഎഫ്എസ് കേന്ദ്രങ്ങളാണ് വിസ സേവനങ്ങൾക്കായി പ്രവർത്തിക്കുന്നത്.. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് കേന്ദ്രമുള്ളത്.
ട്രാവൽ ഏജൻസികൾ വഴി 10 ദിവസം കൊണ്ട് നടപടികൾ പൂർത്തിയാക്കി വിസ ലഭിച്ചിരുന്നു.ഇപ്പോൾ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്.. കൂടാതെ വിസക്ക് അപേക്ഷിക്കുന്ന വ്യക്തി നേരിട്ട് ഹാജരാകണമെന്ന പുതിയ പരിഷ്കാരവും പ്രയാസമുണ്ടാക്കുന്നുണ്ടെന്നാണ് പ്രവാസികൾ അറിയിക്കുന്നത്. മുൻപ് 10000 രൂപയിൽ താഴെയായിരുന്നു വിസയ്ക്ക് ചിലവ്. ഇപ്പോൾ തോന്നിയ ഫീസാണ് ഈടാക്കുന്നത് എന്നും അക്ഷേപമുണ്ട്.