എ. വിജയരാഘവന്‍ കണ്‍വീനര്‍ സ്ഥാനമൊഴിയും; ഇടതു മുന്നണിയില്‍ നേതൃമാറ്റം
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുത്തലത്ത് ദിനേശനും മാറിയേക്കും
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെഎൽഡിഎഫ് നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങളുണ്ടായേക്കും. പോളിറ്റ് ബ്യൂറോയില്‍ എത്തിയ എ വിജയരാഘവന്‍ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനം ഒഴിയും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുത്തലത്ത് ദിനേശനും മാറിയേക്കും. പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിസ്ഥാനത്ത് വരുമെന്നാണ് സൂചന.
പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയസംഘടന റിപ്പോര്‍ട്ടില്‍ സിപിഎം പറഞ്ഞിരിന്നു. നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനപ്പെട്ട നേതാക്കള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നേതൃ തലത്തിലെ ധാരണ. അത് കൊണ്ട് പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ വിജയരാഘവന്‍റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരും. ഇതോടെ പുതിയ ഇടത് മുന്നണി കണ്‍വീനറെ തെരഞ്ഞെടുക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എകെ ബാലന്‍, ഇപി ജയരാജന്‍ എന്നിവരില്‍ ഒരാള്‍ മുന്നണി കണ്‍വീനറാകുമെന്നാണ് സൂചന.
സംസ്ഥാനസെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുത്തലത്ത് ദിനേശൻ മാറും. ദിനേശനുപകരം പി. ശശി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വരുമെന്ന് അഭ്യൂഹമുണ്ട്. സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധി അല്ലാതിരുന്ന പി. ശശിയെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനകമ്മിറ്റി അംഗമാക്കിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി സംസ്ഥാന സമിതിക്ക് താഴെയുള്ള ഘടകത്തിൽനിന്നുള്ളവരെ സാധാരണ കൊണ്ട് വരാറില്ല.
പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ട് വരാന്‍ വേണ്ടിയാണ് ശശിയെ സംസ്ഥാനസമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് അഭ്യൂഹം. പുത്തലത്തിന് പാർട്ടിപത്രത്തിന്‍റെ ചുമതല നൽകുമെന്നാണ് സൂചന. സെക്രട്ടേറിയറ്റ് അംഗമായിരുന്ന കെ.ജെ. തോമസിനായിരുന്നു പത്രത്തിന്‍റെ ചുമതല.അദ്ദേഹം സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവായതിനാൽ പുതിയ ആൾക്ക് ചുമതല നൽകണം. ഇത് പുത്തലത്ത് ദിനേശന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. അടുത്താഴ്ച ചേരുന്ന സംസ്ഥാനനേതൃയോഗങ്ങളില്‍ ഇക്കാര്യങ്ങളില്‍ തീരുമാനമുണ്ടായേക്കും.