ചെക്ക് പോസ്റ്റുകളിൽ ഇനി വാഹനങ്ങൾ കാത്തു കിടക്കേണ്ട, എല്ലാം ഓണ്‍ലൈന്‍!
കേരളത്തിലുള്ള 19 അതിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ചെക്‌പോസ്റ്റുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും
പാലക്കാട്: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളിൽ ഇനി വാഹനങ്ങൾ കാത്തു കിടക്കേണ്ടതില്ല. ചെക്ക്‌പോസ്റ്റുകൾ ഓൺലൈനിലാവുകയാണ്. ചെക്ക് പോസ്റ്റ് മൊഡ്യൂൾ എന്ന സോഫ്റ്റ്‌വെയർ സംവിധാനം ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു വാളയാറിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അകത്തേക്കും പുറത്തേക്കും കടക്കാൻ ടാക്സി വാഹനങ്ങൾക്ക് പ്രത്യേക പെർമിറ്റ് വേണമെന്നതിനാൽ വലിയ തിരക്കായിരുന്നു അതിർത്തി ചെക്ക് പോസ്റ്റുകളിൽ ഇതുവരെ അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇനിമുതൽ പെർമിറ്റ് ഓൺലൈനായി എടുക്കാം.
ചെക്ക് പോസ്റ്റ് മൊഡ്യൂൾ എന്ന സോഫ്റ്റ് വെയറിലാണ് ഓൺലൈൻ സംവിധാനം പ്രവർത്തിക്കുന്നത്. നേരത്തേകൂട്ടി പെർമിറ്റ് ഓൺ ലൈനായി എടുക്കാം. ഇതിന്‍റെ രേഖ ചെക്പോസ്റ്റുകളിൽ കാണിച്ച് യാത്ര തുടരാം. നേരത്തെ, മോട്ടോർവാഹനവകുപ്പിന്‍റെ വിവിധ സേവനങ്ങൾ ഓൺലൈനാക്കിയിരുന്നെങ്കിലും പ്രത്യേക യാത്രാ പെർമിറ്റിന് നേരിട്ട് ചെക്ക് പോസ്റ്റുകളില്‍ എത്തേണ്ടിയിരുന്നു. ഈ രീതിയാണ് ഓൺലൈൻ സംവിധാനം വന്നതോടെ ഇല്ലാതായത്. ഫീസിലോ, ടാക്സിലോ എന്തെങ്കിലും വ്യത്യാസം കണ്ടെത്തുകയാണെങ്കിൽ അത് അടയ്ക്കാൻ താല്‍ക്കാലിക സംവിധാനവും ഏർപ്പെടുത്തി.
കേരളത്തിലുള്ള 19 അതിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പ് ചെക്‌പോസ്റ്റുകളിലും ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. 19 ചെക്‌പോസ്റ്റുകളില്‍ ഏഴും പാലക്കാട് ആയതിനാലും വാളയാര്‍ കേരളത്തിലെ പ്രധാനപ്പെട്ട ചെക്‌പോസ്റ്റായതുമാണ് സംസ്ഥാന തല ഉദ്ഘാടനം വാളയാറിൽ നടത്താന്‍ തീരുമാനിച്ചത്. ഉടൻ സംസ്ഥാനത്തെ എല്ലാ ചെക്ക്പോസ്റ്റുകളും പൂർണ്ണമായും ഓൺലൈനാകും.