ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
രാവിലെ 11ന് എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തും
ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. രാവിലെ 11ന് എ.കെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ പ്രസ് ക്ലബ്ബിലെത്തി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിക്കും.
ചെറിയാന്‍ ഫിലിപ്പിന്‍റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് അവസാനമാകുന്നത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയുമായി വേദി പങ്കിട്ടതിനു പിന്നാലെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി ഉറപ്പാക്കപ്പെട്ടത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും യുവനേതാക്കള്‍ക്കും വിജയസാധ്യതയില്ലാത്ത സീറ്റ് നല്‍കിയെന്ന് കുറ്റപ്പെടുത്തിയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങിയത്. പുനസ്സംഘടനയെ ചൊല്ലി കലഹിച്ച് കെ.പി അനില്‍കുമാര്‍ അടക്കമുള്ളവര്‍ സി.പി.എം പാളയത്തിലേക്ക് ചേക്കേറിയപ്പോള്‍ ചെറിയാന്‍ ഫിലിപ്പിനെ തിരികെ എത്തിക്കാനായത് കോണ്‍ഗ്രസിന് നേട്ടമായി.