ഭരണവിരുദ്ധ വികാരം തിരിച്ചടിയായി; സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്ക് രൂക്ഷവിമർശനം
‘നവകേരള സദസ്സ് ഗുണം ചെയ്തില്ല’
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ നവകേരള സദസ്സിന്റെ ഗുണം ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ലെന്ന് സി.പി.എം റിപ്പോർട്ട്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ സംസ്ഥാന കമ്മിറ്റിയിൽ പ്രതിനിധികൾ ആഞ്ഞടിച്ചു. ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് ചർച്ചയിൽ പ്രതിനിധികൾ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും രൂക്ഷ വിമർശനമാണുയർന്നത്. കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന് വിമർശനമുണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പറഞ്ഞു.
ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയത് തെരഞ്ഞെടുപ്പ് തോൽവിയുടെ ആക്കംകൂട്ടിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് പ്രതിനിധികൾ പറഞ്ഞു.
ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങിയത് തോൽവിയുടെ ആക്കംകൂട്ടി. പെൻഷൻ അടക്കം മുടങ്ങിയത് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. ക്ഷേമപ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം കേന്ദ്രസർക്കാരാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില നേതാക്കന്മാർക്ക് നാക്ക് പിഴ സംഭവിച്ചതും വലിയ ചർച്ചയായി. നേതാക്കന്മാരുടെ പേര് പറയാതെയാണ് പരാമർശമുള്ളത്.