'സ്വര്‍ണ്ണം അയച്ചത് ആരെന്നും, സ്വര്‍ണ്ണം കൊണ്ടുവന്നത് ആര്‍ക്കെന്നുമറിയാന്‍ പ്രതിപക്ഷത്തിന് താല്‍പര്യമില്ല'; വിമര്‍ശിച്ച് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെയും പ്രതിപക്ഷത്തേയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2022-02-24 10:21 GMT
Advertising

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെയും പ്രതിപക്ഷത്തേയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണ്ണം അയച്ചത് ആരെന്നും, സ്വര്‍ണ്ണം കൊണ്ട് വന്നത് ആര്‍ക്കെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയ്ക്കും, യു.ഡി.എഫിനും ഇതറിയാന്‍ താത്പര്യമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോവിഡ് കാലത്ത് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ നിന്ന് സാധനം വാങ്ങിയതില്‍ അഴിമതിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ വന്ന കേന്ദ്ര ഏജന്‍സികള്‍ യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്നാണ് നയപ്രഖ്യാപനത്തിന്‍റെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയവെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. രണ്ട് ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. അസാധാരണ സാഹചര്യമായിരുന്നു സംസ്ഥാനത്ത്, അസാധാരണ നടപടി വേണ്ടി വന്നു, സാഹചര്യം മാറിയപ്പോൾ കുറഞ്ഞ വിലയ്ക്ക് ഉപകരണങ്ങൾ വാങ്ങി രോഗം പ്രതിരോധിക്കുകയായിരുന്നു പ്രധാനം... ആരുടെയും വ്യക്തിപരമായ താൽപര്യത്തിന്റെ ഭാഗമായല്ല തീരുമാനങ്ങൾ എടുത്തത്.അടിയന്തര സാഹചര്യത്തിലെ അടിയന്തര ഇടപെടലിനെയാണ് അഴിമതിയായി ചിത്രീകരിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മരണങ്ങള്‍ സംസ്ഥാനം മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സുപ്രിം കോടതിയുടേയും ഐ.സി.എം.ആറിന്‍റെയും മാർഗനിർദേശങ്ങൾ പാലിച്ചാണ് കേരളം പ്രവർത്തിച്ചത്. ലോകായുക്തയുടെ അധികാരങ്ങള്‍ ഒന്നും സര്‍ക്കാര്‍ എടുത്ത് കളഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ നയപ്രഖ്യാപനം അവതരിപ്പിക്കാന്‍ ആദ്യം തയ്യാറാകാതിരുന്ന ഗവര്‍ണറുടെ നടപടിയില്‍ മുഖ്യമന്ത്രി മൌനം പാലിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News