താരപ്രചാരകനായി മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; അവസാന ലാപ്പിൽ സർവ സന്നാഹങ്ങളുമായി പ്രചാരണം
ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും
പുതുപ്പള്ളിയിൽ എല്‍.ഡി.എഫ് പ്രചാരാണത്തിനായി ഇന്ന് മുഖ്യമന്ത്രി എത്തും. യു.ഡി.എഫ് നേതാക്കളും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അടക്കമുള്ളവരും ഇന്ന് മണ്ഡലത്തിലുണ്ട്. അവസാന ലാപ്പിൽ സർവ സന്നാഹങ്ങളുമായാണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം.
പുതുപ്പള്ളി പോളിങ് ബൂത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അവസാന വട്ട പ്രചാരണത്തിൽ വൻ കുതിപ്പിനൊരുങ്ങുകയാണ് എല്ലാ മുന്നണികളും. ഇടത് മുന്നണിയുടെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മൂന്ന് ഇടങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കും. മീനടം, മണർകാട്, കൂരോപ്പട പഞ്ചായത്തുകളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങൾ. സ്ഥാനാർഥി ജെയ്ക് സി തോമസ് ഇന്ന് പാമ്പാടി പഞ്ചായത്തിൽ വീടുകയറി വോട്ടു തേടും.
യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പാമ്പാടി, കുരോപ്പട, പുതുപ്പള്ളി അകലക്കുന്നം പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തും. ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്ന എം.എൽ.എമാർ അടക്കം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പ്രചാരണ പരിപാടികളില്‍ വീണ്ടും സജീവമാകും. കുടുംബയോഗങ്ങളിലും സ്ഥാനാർഥികളെത്തും. എന്‍.ഡി.എ സ്ഥാനാർഥി ലിജിൻ ലാലിൻ്റ വികസന രേഖാ പ്രകാശന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുക്കും.
എന്‍.ഡി.എയുടെ പ്രചാരണത്തിന്‍റെ ഭാഗമായി അനിൽ ആന്‍റണിയും രാജീവ് ചന്ദ്രശേഖറും എത്തുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ അയർക്കുന്നത്ത് വിദ്യാർഥികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായുമുള്ള പരിപാടികളിൽ പങ്കെടുക്കും.