'ടൂർ പോകാൻ ഓരോ കാരണങ്ങൾ'; മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ. സുധാകരൻ
''കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം വ്യക്തമാക്കണം''
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം പറയണമെന്ന് സുധാകരൻ പറഞ്ഞു.
കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്. സാധാരണക്കാരന്റെ പണമാണിത്. മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ല. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണം.
കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്തു വെച്ചില്ല. സംസ്കാര ചടങ്ങിന് ശേഷം തെണ്ടയിടറി സംസാരിച്ച മുഖ്യമന്ത്രി തൊട്ടടുത്ത മണിക്കൂറിൽ വിദേശത്തേക്ക് പോയി. അതുകൊണ്ടുള്ള നേട്ടമെന്താണെന്ന് പിണറായി ജനങ്ങളോട് പറയണമെന്നും സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.