ചൈൽഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍
അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ശിശുസംരക്ഷണ മേഖലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ചൈൽഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയിലെ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുക, കരാര്‍ സമയബന്ധിതമായി പുതുക്കി നല്‍കുക, മൂന്ന് വര്‍ഷ കരാര്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അനിശ്ചിതകാല സമരം ആരംഭിച്ചതോടെ ശിശുസംരക്ഷണ മേഖലയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായി.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം സൂചനാ പണിമുടക്ക് നടത്തിയെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് യാതൊരുവിധ അനുകൂല സമീപനവും ഉണ്ടാകാതെ വന്നതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിക്കു വേണ്ടി വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരുടെ ശമ്പളമാണ് വെട്ടികുറച്ചത്. ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്‍റെ നേര്‍പകുതി കുറച്ചതോടെ പലര്‍ക്കും അടിസ്ഥാന ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയായി. കേരളത്തിലാകെ ശിശുവികസന വകുപ്പിന് കീഴില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിക്കുവേണ്ടി ഇരുന്നൂറ്റിയമ്പതിലേറെ ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.
കുട്ടികളുടെ ദത്ത്, തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് അഭയമൊരുക്കല്‍, പോക്സോ ഇരകളാകുന്ന കുട്ടികളുടെ സുരക്ഷിതത്വം തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ് നീതി തേടി തെരുവില്‍ സമരത്തിന് ഇറങ്ങിയത്. ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ സമരം തുടങ്ങിയതോടെ സൊസൈറ്റിയിലെ പ്രവര്‍ത്തനവും താളം തെറ്റി. സര്‍ക്കാര്‍ എത്രയും വേഗം ഇടപെട്ട് ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. സി.ഐ.ടി.യുവിന്‍റെ പിന്തുണയോട് കൂടിയാണ് ജീവനക്കാര്‍ സമരത്തിലേക്ക് ഇറങ്ങിയിട്ടുള്ളത്.