ചിൽഡ്രൻസ് ഹോം കേസ്: പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്ന് സി.ഡബ്ല്യൂ.സി

ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറു പെൺകുട്ടികൾ മൊഴി നൽകിയിരുന്നു

Update: 2022-01-30 10:00 GMT
Editor : ijas
Advertising

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികൾക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്ന് സി.ഡബ്ല്യൂ.സി. പെൺകുട്ടികളുടെ താൽപര്യം സംരക്ഷിക്കുമെന്നും കുട്ടികളെ മാറ്റി പാർപ്പിക്കുനതിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സി.ഡബ്ല്യൂ.സി ചെയർമാൻ പി.എം തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പ്രശ്നങ്ങൾ വിലയിരുത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് സി.ഡബ്ല്യൂ.സി ചെയർമാൻ മാധ്യമങ്ങളെ കണ്ടത്.

Full View

പൊലീസ് വൈകിയാണ് പെണ്‍കുട്ടികളെ സി.ഡബ്ല്യൂ.സിക്ക് മുന്നില്‍ ഹാജരാക്കിയത്. കുട്ടികളെ കേള്‍ക്കുക അവരുടെ വിഷമം മനസ്സിലാക്കുക എന്ന താല്‍പര്യത്തിലാണ് ഇന്ന് സ്പെഷ്യല്‍ സിറ്റിങ് നടന്നത്. കുട്ടികളുമായി വിശദമായി സംസാരിച്ച് എല്ലാം മനസ്സിലാക്കി. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, പൊലീസ് എന്നിവരുമായെല്ലാം സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പെൺകുട്ടികളുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാട് സി.ഡബ്ല്യൂ.സി സ്വീകരിക്കുമെന്ന് ചെയർമാൻ പി.എം തോമസ് പറഞ്ഞു.

ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്നും മാനസിക സമ്മർദ്ദമുണ്ടെന്നും ആറു പെൺകുട്ടികൾ മൊഴി നൽകിയിരുന്നു. കുട്ടികൾ ചിൽഡ്രൻസ് ഹോമിൽ സുരക്ഷിതരല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാൻ അനുവദിക്കണമെന്നും കാണിച്ച് ഒരു പെൺകുട്ടിയുടെ അമ്മ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സി.ഡബ്ല്യൂ.സി ഇന്ന് യോഗത്തിൽ ചർച്ച ചെയ്തു. കേസിലെ പ്രതികളിൽ ഒരാൾ ചേവായൂർ സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച കേസില്‍ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറും.

അതിനിടെ കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. അവരൊന്നും ചെയ്തിട്ടില്ലെന്നും യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.ഡബ്ല്യൂ.സി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു വിശദീകരണം നല്‍കിയത്. അതിനിടെ പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News