ചിന്നക്കനാൽ ബാങ്ക് സാമ്പത്തിക ക്രമക്കേട്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
സർക്കാർ ഭൂമി കയ്യേറി വ്യാജപ്പട്ടയമുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പ്രധാന ആരോപണം
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം. സർക്കാർ ഭൂമി കയ്യേറി വ്യാജപ്പട്ടയമുണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പ്രധാന ആരോപണം. ബാങ്ക് വാങ്ങിയ ഭൂമിയുടെ പേരിലും അഴിമതി ആരോപണമുണ്ട്.
ബാങ്കിനെതിരെ പരാതിയുയർന്നതോടെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. ബാങ്ക് സെക്രട്ടറിയും ഭരണ സമിതിയംഗങ്ങളും ചേർന്ന് മതിയായ ഈടില്ലാതെ 43.45 കോടി രൂപ വായ്പ നൽകിയെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച് ബാങ്ക് പ്രസിഡന്റ് വായ്പ തരപ്പെടുത്തിയതായും ആരോപണമുണ്ട്.
അന്വേഷണ വിധേയമായി ബാങ്ക് സെക്രട്ടറിയെ സസ്പെന്റ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. സെക്രട്ടറിയുടെ ബിനാമി ഇടപാടുകൾ സംശയകരമാണെന്നും റിപ്പോർട്ടിലുണ്ട്. ചട്ടങ്ങൾ പാലിക്കാതെ നാലിടങ്ങളിൽ ബാങ്ക് ഭൂമി വാങ്ങിയിട്ടുണ്ടെന്നും ഇതിൽ അഴിമതിയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് കോൺഗ്രസിന്റെ ആവശ്യം. ക്രമക്കേടുകൾ കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. കാലങ്ങളായി സി.പി.എം ഭരിക്കുന്ന ബാങ്കിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം.