ഇതുവരെ കണക്ഷന്‍ നല്‍കിയത് 4400 പേര്‍ക്ക് മാത്രം; ലക്ഷ്യത്തിലെത്താതെ സിറ്റി ഗ്യാസ് പദ്ധതി
മൂന്ന് വര്‍ഷം കൊണ്ട് കൊച്ചിയിലെ 50,000ത്തിലധികം പേര്‍ക്ക് കണക്ഷന്‍ എന്ന വിതരണ കമ്പനിയുടെ 2016ലെ വാദമാണ് പൊളിഞ്ഞത്
ലക്ഷ്യത്തിന്‍റെ ഏഴയലത്ത് എത്താതെ സിറ്റി ഗ്യാസ് പദ്ധതി. മൂന്ന് വര്‍ഷം കൊണ്ട് കൊച്ചിയിലെ 50,000ത്തിലധികം പേര്‍ക്ക് കണക്ഷന്‍ എന്ന വിതരണ കമ്പനിയുടെ 2016ലെ വാദമാണ് പൊളിഞ്ഞത്. ഇതുവരെ വെറും 4400 പേര്‍ക്ക് മാത്രമാണ് കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞത്. 30,000 വീടുകളില്‍ പേരിനെന്നോണം മീറ്റര്‍ മാത്രമാണ് സ്ഥാപിച്ചിട്ടുളളത്. മീഡിയവണ്‍ ഇന്‍വെസ്റ്റിഗേഷന്‍.
2017ലാണ് ആലുവ സ്വദേശിയായ തോമസിന്‍റെ വീട്ടിൽ ഗ്യാസ് കണക്ഷൻ നൽകാൻ എന്ന പേരിൽ മീറ്റർ സ്ഥാപിച്ചത്. മീറ്റർ സ്ഥാപിക്കുന്നതിനായി 915 രൂപയും നൽകി. എന്നാൽ അഞ്ചു വർഷങ്ങൾക്ക് ഇപ്പുറവും ഗ്യാസ് കണക്ഷൻ സംബന്ധിച്ച് ഒരു വിവരവുമില്ല. രണ്ടായിരത്തിലധികം രൂപ നൽകി മീറ്റർ സ്ഥാപിച്ചവരും കൂട്ടത്തിൽ ഉണ്ട്.
എറണാകുളത്തെ 30,000 വീടുകളിൽ ഇതാണ് അവസ്ഥ. 2016ല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ആദ്യമായി നടപ്പിലാക്കിയ പദ്ധതി പിന്നീട് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കളമശേരി, തൃക്കാക്കര മണ്ഡലങ്ങളിലായിട്ടാണ് 4400 പേര്‍ക്ക് കണക്ഷന്‍ നല്‍കിയത്. കൊച്ചി കോര്‍പറേഷന് കീഴിലെ വാര്‍ഡുകളില്‍ പണികള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല.
പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള കുഴിയെടുക്കാൻ പിഡബ്ല്യുഡിയും തദ്ദേശ സ്ഥാപനങ്ങളും തടസ്സം നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിശദീകരണം. അതേസമയം വെറും മീറ്റര്‍ മാത്രം സ്ഥാപിച്ചിട്ടുളള വീടുകളുടെ എണ്ണം ഉള്‍പ്പെടുത്തിയാണ് വിതരണ കമ്പനി ഉപഭോക്താക്കളുടെ കണക്ക് സര്‍ക്കാരിന് നല്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഏതായാലും പണം മുടക്കി മീറ്റര്‍ സ്ഥാപിച്ചവര്‍ എന്തുചെയ്യണമെന്ന ചോദ്യത്തിനും വിതരണ കമ്പനിക്ക് മറുപടി ഇല്ല.