'ഐ.എ.എസാണ് സ്വപ്നം'; ശാരീരിക പരിമിതികളെ ചവിട്ടുപടിയാക്കി ശാരികയുടെ വിജയം
വീൽ ചെയറിലിരുന്ന് പരീക്ഷയെഴുതി 922 -ാം റാങ്കാണ് ശാരിക കരസ്ഥമാക്കിയത്
കോഴിക്കോട്: സിവിൽ സർവീസ് പരീക്ഷയുടെ വിജയത്തിളക്കത്തിലാണ് കോഴിക്കോട് കീഴരിയൂർ സ്വദേശി എ.കെ ശാരിക. സെറിബൽ പാൾസി ബാധിതയായ ശാരിക പരിമിതികളെ ചവിട്ടുപടിയാക്കിയാണ് വിജയത്തിലേക്ക് കയറിയത്. വീൽ ചെയറിലിരുന്ന് പരീക്ഷയെഴുതി 922 -ാം റാങ്ക് കരസ്ഥമാക്കി.
'ഞാനത് നേടിയെടുത്തു. എന്‍റെ ശാരീരിക അവശതകൾ അതിന് തടസ്സമായതേ ഇല്ല'... ശാരീരിക പരിമിതികളെ മറികടന്ന് നേടിയ കഠിനാധ്വാനത്തിന്‍റെ സന്തോഷം ശാരികയുടെ ചിരിയിലുണ്ട്. സിവിൽ സർവീസെന്ന സ്വപ്നം അവളുടെ അധ്യാപകനും സുഹൃത്തുക്കളും മനസ്സിലേക്കിട്ട് കൊടുത്ത നാളു മുതൽ അവളത് നേടാനുള്ള പരിശ്രമത്തിലായിരുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ശാരിക അതുവരെയുള്ള പരീക്ഷകളെല്ലാം എഴുതിയത് ഇടത്തേ കൈ കൊണ്ടാണ്. വലത് കൈയുടെ മൂന്ന് വിരലുകൾക്ക് മാത്രമാണ് ചലനശേഷിയുള്ളത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് സ്ക്രൈബിൻറെ സഹായം തേടി. 922-ാം റാങ്ക് നേടി കീഴരിയൂരിന് കൂടി അഭിമാനമാവുകയാണ് ശാരിക. ശാരികയുടെ ഓരോ നേട്ടത്തിന് പിന്നിലും ഈ അമ്മയുടെ നിശ്ചയദാർഢ്യമുണ്ട്. ഭിന്നശേഷിക്കാരിയായ മകൾക്ക് ചിറക് വിരിച്ച് പറക്കാൻ ചിറകായി മാറുകയായിരുന്നു അമ്മ രാഖി. 'ഐ.എ.എസാണ് സ്വപ്നം . അത് ലഭിച്ചില്ലെങ്കിൽ വീണ്ടും പരീക്ഷയെഴുതണം'. നിറഞ്ഞ ചിരിയോടെ ശാരിക പറയുന്നു..