'യു. ഷറഫലി പറഞ്ഞത് സർക്കാരിന്റെയോ സ്‌പോർട്‌സ് കൗൺസിലിന്റെയോ നിലപാടല്ല'; പ്രസിഡൻറിനെ തള്ളി കൗൺസിൽ അംഗം സി.കെ വിനീത്

ഷറഫലി സർക്കാർ ജോലി ലഭിച്ച ശേഷം ലീവെടുത്ത് പ്രൊഫഷണൽ ഫുട്‌ബോളിൽ കളിച്ചിരുന്നുവെന്നും അത് ചാരിറ്റിയായാണോയെന്നും വിനീത്

Update: 2023-08-11 10:23 GMT
Advertising

മലയാളി ഫുട്‌ബോളർമാരുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി പറഞ്ഞത് സർക്കാരിന്റെയോ കൗൺസിലിന്റെയോ നിലപാടല്ലെന്ന് കൗൺസിൽ അംഗവും ഫുട്‌ബോളറുമായ സി.കെ വിനീത്. പ്രൊഫഷണൽ ഫുട്‌ബോളിനായി പോകുമ്പോൾ ചില നഷ്ടങ്ങളുണ്ടാകുമെന്ന് ഷറഫലിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു താരം. കൗൺസിൽ പ്രസിഡൻറിന്റെ വാദങ്ങളെ ന്യായീകരിക്കുകയല്ല തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സർക്കാറിന്റെ നിലപാടാണെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.

ഷറഫലി സർക്കാർ ജോലി ലഭിച്ച ശേഷം ലീവെടുത്ത് പ്രൊഫഷണൽ ഫുട്‌ബോളിൽ കളിച്ചിരുന്നുവെന്നും അതിന് ശേഷവും ജോലിയുണ്ടായിരുന്നുവെന്നും വിനീത് ചൂണ്ടിക്കാട്ടി. അദ്ദേഹം എന്തൊക്കെ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും ചോദിച്ചു. കേരളാ പൊലീസിൽ യു. ഷറഫലിക്കും ഐഎം വിജയനും ശേഷം എത്ര പേർക്ക് കളിക്കാൻ ലീവ് കൊടുത്തിട്ടുണ്ടെന്നും ഇവർ പ്രൊഫഷണൽ കളിച്ചത് ചാരിറ്റിയായാണോയെന്നും വിനീത് ചോദിച്ചു. ഷറഫലി കമാൻഡൻറായ വ്യക്തിയാണെന്നും അദ്ദേഹം എത്ര പേർക്ക് പ്രൊഫഷണൽ ഫുട്‌ബോളിൽ കളിക്കാൻ ലീവ് കൊടുത്തിട്ടുണ്ടെന്നും ചോദിച്ചു. സാമ്പത്തിക സ്ഥിതി നോക്കിയിട്ടല്ല താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതെന്നും അംഗീകാരമായാണെന്നും വിനീത് ഓർമിപ്പിച്ചു.

Full View

മലയാളി ഫുട്‌ബോൾ താരങ്ങളുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു. ഷറഫലി ഇന്നും പ്രതികരിച്ചിരുന്നു. സർക്കാർ ജോലിക്ക് താരങ്ങൾ അപേക്ഷിക്കാൻ വൈകിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മീഡിയവൺ അഭിമുഖം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞു. അനസ് എടത്തൊടിക, റിനോ ആന്റോ, പ്രദീപ് എന്നിവരൊക്കെ മികച്ച താരങ്ങളാണെന്നും അവർക്ക് ജോലിക്ക് അർഹതയുള്ളവരാണെന്നാണ് നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരണമെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനദണ്ഡങ്ങൾ ഫുട്‌ബോൾ താരങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതല്ലാത്തതിനാൽ അവർക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും സ്‌പോർട്‌സ് കൗൺസിൽ മാനദണ്ഡങ്ങൾ നിർദേശിക്കുമ്പോൾ ഫുട്‌ബോളിനെ മാത്രം അടിസ്ഥാനമാക്കി നൽകാൻ കഴിയില്ലെന്നും ഷറഫലി പറഞ്ഞു. എന്നാൽ ഫുട്‌ബോൾ താരങ്ങളുടെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് മാനദണ്ഡങ്ങളിൽ പ്രീവേൾഡ് കപ്പും പ്രീ ഒളിമ്പിക്‌സും ഉൾപ്പെടുത്തണമെന്ന് പറഞ്ഞിട്ടുണ്ടെന്നും സാഫ് ഗെയിംസും ഏഷ്യൻ ഗെയിംസുമുണ്ടെന്നും വ്യക്തമാക്കി.

അനസ് എടത്തൊടികയുടെയും റിനോ ആന്റോയുടെയും കാര്യം പ്രത്യേകം പരിഗണിക്കണോയെന്നത് സർക്കാറാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കുമ്പോൾ ചില നഷ്ടങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News