'ബലിദാനികളായവരെ അപമാനിക്കുന്നു'; സ്വന്തം ജില്ലാകമ്മിറ്റി ഓഫീസ് തന്നെ ഉപരോധിച്ച് ബി.ജെ.പി

സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആക്കാനുള്ള ശ്രമത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്

Update: 2022-02-20 06:12 GMT
Advertising

കാസര്‍കോട് ബി.ജെ.പിയില്‍ പോര് രൂക്ഷമാകുന്നു. പ്രതിഷേധ സൂചകമായി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ബിജെപി പാര്‍ട്ടി ഓഫീസ് ഉപരോധിച്ചു. ബി.ജെ.പിയുടെ കാസർകോട് ജില്ലാ കമ്മറ്റി ഓഫീസാണ് പ്രവർത്തകർ ഉപരോധിക്കുന്നത്. പാർട്ടിക്കുവേണ്ടി ബലിദാനികളായവരെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ ഉപരോധം.

കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം. ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആക്കാനുള്ള ശ്രമത്തിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ കൂട്ടുകെട്ടിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് പലതവണ നേതൃത്വവുമായി സംസാരിച്ചിട്ടും തീർപ്പുണ്ടായിരുന്നില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

നിരവധി കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ജ്യോതിഷിൻറെ ആത്മഹത്യയോടെയാണ് പാർട്ടിക്കുള്ളിൽ കാസര്‍കോട് പ്രശ്നങ്ങൾ രൂക്ഷമായത്. ഇതിനുപിന്നാലെ ബി.ജെ.പി. ജില്ലാ ഉപാധ്യക്ഷൻ പി.രമേശ്‌ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇന്ന് കെ.സുരേന്ദ്രന്‍ കാസര്‍കോട് എത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ ഇന്ന് രാവിലെ കാസര്‍കോട്ടെ പരിപാടികള്‍ റദ്ദാക്കുകയാണെന്ന് സുരേന്ദ്രന്‍റെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നു. ഒടുവില്‍ ജില്ലാകമ്മിറ്റി ഓഫീസ് തന്നെ താഴിട്ട് പൂട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം വ്യക്തമാക്കിയത്.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News