കോട്ടയം സീറ്റിനെച്ചൊല്ലി കേരള കോൺ.ജോസഫ് വിഭാഗത്തിൽ പിടിവലി; യോഗ്യനെന്ന് ആവർത്തിച്ച് എം.പി ജോസഫ്
ജോസഫ് വിഭാഗത്തിൽ ഉരുണ്ടുകൂടിയ അഭിപ്രായ ഭിന്നത മുതലെടുക്കാൻ ഒരുങ്ങുകയാണ് ജോസ് കെ മാണിയും പാർട്ടിയും
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ യോഗ്യൻ താൻ തന്നെയാണെന്നാവർത്തിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി ജോസഫ്. അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും എം.പി ജോസഫ് പറഞ്ഞു . ജോസഫ് ഗ്രൂപ്പിൽ തർക്കം രൂക്ഷമാണെന്നും തങ്ങളുടെ പാർട്ടിയിൽ ഭിന്നസ്വരമില്ലെന്നും ജോസ് കെ മണി വിഭാഗം നേതാക്കളും പ്രതികരിച്ചു.
കോട്ടയം ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ പിടിവലി തുടരുകയാണ്. ഇത് വ്യക്തമാക്കുന്നതാണ് എം പി ജോസഫിന്റെ പ്രതികരണം. മുമ്പ് സീറ്റിൽ അവകാശവാദം ഉന്നയിച്ച എം.പി ജോസഫ് ഇക്കുറി കുറച്ചു കൂടി കടന്ന് തന്നെക്കാൾ മികച്ച ഒരു സ്ഥാനാർഥി കോട്ടയത്ത് കേരള കോൺഗ്രസില്ലെന്ന് തുറന്നടിച്ചു. ചെയർമാൻ പി.ജെ ജോസഫ് തന്നെ പരിഗണിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇദ്ദേഹം .
യുവ വോട്ടർമാർക്കിടയിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ തനിക്ക് ഏറെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ജോസഫ് വിഭാഗത്തിൽ ഉരുണ്ടുകൂടിയ അഭിപ്രായ ഭിന്നത മുതലെടുക്കാൻ ഒരുങ്ങുകയാണ് ജോസ് കെ മാണിയും പാർട്ടിയും. കഴിഞ്ഞതവണ സീറ്റിനായി വാശിപിടിച്ച പി.ജെ ജോസഫ് എന്തുകൊണ്ട് ഇക്കുറി മത്സരിക്കാൻ തയ്യാറാകുന്നില്ലെന്ന് ജോസ് കെ മാണി വിഭാഗം ചോദിക്കുന്നു. കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിച്ചേക്കും. ഫ്രാൻസിസ് ജോർജിനാണ് പ്രഥമ പരിഗണന. എൽഡിഎഫിൽ സിറ്റിങ് എം.പി തോമസ് ചാഴിക്കാൻ വീണ്ടും മത്സരിച്ചേക്കും.