ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെ; തീരുമാനം ഇന്ന്
കോവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം വന്ന സാഹചര്യത്തിലാണ് ക്ലാസുകൾ ഓഫ് ലൈനായി തുടങ്ങാൻ തീരുമാനിച്ചത്
ഒന്ന് മുതൽ ഒമ്പതുവരെ ക്ലാസുകളിൽ അധ്യയനം വൈകീട്ട് വരെയാക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിൽ 10. 30 ന്‌ചേരുന്ന ഉന്നതല യോഗം വിഷയം ചർച്ച ചെയ്യും.
ഈ മാസം 14 നാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. 10,11,12 ക്ലാസുകളിലെ അധ്യയനം ഇന്ന് മുതൽ വൈകുന്നേരം വരെ നടക്കും. സംസ്ഥാനത്തെ കോളേജുകളിൽ ക്ലാസുകൾ ഇന്ന് മുതൽ പുനരാംരംഭിക്കും. സ്‌കൂളുകൾക്ക് പുറമെ ക്രഷുകൾ,കിന്റർ ഗാർട്ടനുകൾ എന്നിവയും 14 മുതൽ ആരംഭിക്കും.
കോവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം വന്ന സാഹചര്യത്തിലാണ് ക്ലാസുകൾ ഓഫ് ലൈനായി തുടങ്ങാൻ തീരുമാനിച്ചത്. കുറേ നാളുകൾക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക 30 ശതമാനത്തിലെത്തി. എൺപതിനായിരത്തോളം സാമ്പിളുകൾ പരിശോധിച്ചതിൽ നിന്ന് 26,729 പേരാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ വന്നേക്കും. നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ല. വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്റൈൻ ഒഴിവാക്കിയിരുന്നു. അതേസമയം രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധന നടത്തണമെന്നും ക്വാറന്റൈൻ പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി.