ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി തിരക്കി മുഖ്യമന്ത്രി കുടുംബത്തെ വിളിച്ചു
നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും ഉമ്മൻചാണ്ടിയുടെ കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻചാണ്ടിയുടെ കുടുംബത്തെയാണ് മുഖ്യമന്ത്രി വിളിച്ച് ആരോഗ്യവിവരം അന്വേഷിച്ചത്. നാളെ ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് അയക്കാമെന്നും മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.
പനിയും ചുമയേയും തുടർന്നാണ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സക്കായി ഉമ്മൻചാണ്ടി ബംഗളൂരിവിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പനി വരുന്നത്.
അതേസമയം തൊണ്ടയിലെ റേഡിയേഷന്‍ ചികിത്സക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവില്‍ കൊണ്ടു പോകാന്‍ വൈകിയതോടെയാണ് സഹോദരന്‍ അലക്സ് വി ചാണ്ടി പരാതിയുമായി എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യയും മകനുമാണ് ചികിത്സ നിഷേധിക്കുന്നതെന്നാണ് പരാതി. ഇളയ മകള്‍ അച്ചു ഉമ്മനും തന്‍റെ പരാതിക്കൊപ്പമുണ്ടെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ഇതിനിടെ മുതിര്‍ന്ന നേതാക്കളായ എ.കെ ആന്‍റണിയും എം.എം ഹസനും ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ചു.
ചികിത്സ സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. അതേസമയം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന ചോദ്യത്തോട് എ.കെ ആന്‍റണി പ്രതികരിക്കാന്‍ തയ്യാറായില്ല. ആരോഗ്യസ്ഥിതിയെ കുറിച്ച് പറയേണ്ടതെല്ലാം മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ടെന്ന് എം.എം ഹസന്‍ മറുപടി നല്‍കി.