രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ അതേ സമീപനമാണ് മുഖ്യമന്ത്രിക്ക്: വി.ഡി സതീശന്‍
ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സ്തംഭിച്ച് നിയമസഭ . റൂൾ 50 ൽ ഉറപ്പ് നൽകാത്ത സർക്കാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു . സഭ നിർത്തിവെച്ച ശേഷം പുനരാരംഭിച്ചപ്പോഴും ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് പാസാക്കാനുള്ളതിനാൽ സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. പ്രതിപക്ഷ എംഎൽഎ മാർക്കെതിരായ കേസ് പിൻവലിക്കണം.
എംഎൽഎമാരെ അക്രമിച്ചവർക്കെതിരെ നടപടി വേണം. റൂൾ 50 യുടെ കാര്യത്തിൽ കൃത്യമായി ഉറപ്പ് വേണം തുടങ്ങിയവയാണ് പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ. അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. മുന്നോട്ട് വച്ച കാര്യത്തിൽ തീരുമാനമായില്ല. സഭ നടപടികളുമായി സഹകരിക്കില്ല. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ മനോഭാവമാണ് മുഖ്യമന്ത്രിക്ക്. വി.ഡി സതീശൻ പറഞ്ഞു.
പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലെത്തി. സഭ നടത്തിക്കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ ഒമ്പതരയോടെ ചോദ്യോത്തരവേള നിർത്തി വെച്ചു. ഇതിനിടയിൽ സർക്കാർ നടത്തിയ സമവായ നീക്കങ്ങൾ വിജയത്തിലെത്തിയില്ല. കാര്യോപദേശ സമിതി യോഗവും പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സമ്പൂർണ്ണ ബജറ്റ് പാസാക്കാനുള്ളത് കൊണ്ട് സമ്മേളനം തുടരാനായിരുന്നു തീരുമാനം. 11.30 യോടെ സഭാ സമ്മേളനം പുനാരാരംഭിച്ചു. സ്പീക്കറുടെ റൂളിംങ്് ശേഷം പ്രതിപക്ഷം ബഹളം തുടർന്നു. നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു. പോര് തുടരുന്നതോടെ വരും ദിവസങ്ങളിലും സഭ സമ്മേളനം ബഹളമയം ആകുമെന്ന് ഉറപ്പായി