സ്വർണക്കടത്ത്: ക്രിമിനൽ പ്രവർത്തനങ്ങളെ സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഫേസ്ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി
ക്രിമിനൽ പ്രവർത്തനങ്ങളെ സർക്കാർ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്തുകേസിൽ മുൻ സിപിഎം പ്രവർത്തകർ ഉൾപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ഒരു തെറ്റിന്റെയും കൂടെ നിൽക്കില്ല. പാർട്ടിക്കുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവർ പോലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ തെറ്റിനനുസരിച്ച് നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ ഇടപെടും. പാർട്ടിക്കുള്ളിൽനിന്നു തെറ്റ് ചെയ്താൽ അംഗീകരിക്കില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടിക്കു കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആർക്കും രാഷ്ട്രീയ ആഭിമുഖ്യങ്ങളുണ്ടാകും. അതനുസരിച്ച് അഭിപ്രായപ്രകടനങ്ങളും അവർ നടത്തുന്നുണ്ടാവും. ഏത് രാഷ്ട്രീയ നിലപാടുള്ളവരാണെങ്കിലും ചെയ്ത കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുക. ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിന് പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സർക്കാരിന് അന്വേഷണത്തിൽ ഇടപെടാൻ കഴിയുന്ന വിധത്തിൽ നിയമപരമായ ക്രമീകരണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സ്ഥിതിയാണുള്ളത്. ഉള്ള അധികാരം ഉപയോഗിച്ച് ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് സർക്കാർ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം രാഷ്ട്രീയമായി വക്രീകരിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തും. ഒരു സർക്കാർ എന്ന നിലയ്ക്ക് വിഷയത്തിൽ ഇടപെടുന്നതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് മറുപടി പറയാൻ ഇപ്പോൾ പറ്റില്ലെന്നും പിണറായി പറഞ്ഞു.