'ഇ.ഡി അന്വേഷണ ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധം, പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണം': കെ ടി ജലീലിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി

ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ജലീലിന്‍റെ മറുപടി.

Update: 2021-09-09 07:52 GMT
Advertising

ഇ.ഡി അന്വേഷണ വിവാദത്തിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിജയന്‍ വിളിപ്പിച്ചു. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് നിർദേശം നല്‍കി. ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ജലീലിന്‍റെ മറുപടി.

മലപ്പുറം എ.ആർ നഗർ ബാങ്കില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന പരാതി എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണമെന്ന ജലീലിന്റെ ആവശ്യം തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി കെ ടി ജലീലിനെ വിളിപ്പിച്ചത്. ഇ.ഡി അന്വേഷണ ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് പിണറായി വിജയന്‍ ജലീലിനെ അറിയിച്ചു. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ജലീലിനോട് നിർദേശിച്ചു.

'കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം തുടരും'

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് വിശദമായി സംസാരിച്ചെന്ന് കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു- "കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ ആര്‍ നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും".

ജലീലിനെതിരെ എളമരം കരീം

കെ ടി ജലീലിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം രംഗത്തെത്തി. എല്ലാവരും പാർട്ടിയുടെ അച്ചടക്കത്തിന് അനുസരിച്ചു നിൽക്കണം എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ ഇ.ഡി ഇടപെടേണ്ട സാഹചര്യമില്ല. ലീഗിനോട് സിപിഎമ്മിന് മൃദുസമീപനമില്ലെന്നും എളമരം കരീം പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News