18 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷൻ വൈകും: മുഖ്യമന്ത്രി
കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉടനടി ഉണ്ടാകണം.
സംസ്ഥാനത്ത് 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ അല്‍പ ദിവസങ്ങള്‍ കൂടി വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സിന്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോഡ് കിട്ടില്ലെന്ന പരിഭ്രാന്തി ആര്‍ക്കും വേണ്ട. വാക്സിനേഷന്‍ സെന്‍ററുകള്‍ രോഗം പകര്‍ത്താനുള്ള കേന്ദ്രമായി മാറരുത്. സമയമറിയിക്കുമ്പോള്‍ മാത്രമേ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മേയ് 30നുള്ളിൽ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനാവശ്യമായ വാക്സിന്‍ ഇതേവരെ ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് 74 ലക്ഷത്തില്‍പരം വാക്സിന്‍ ഡോസുകളാണ് ഇതുവരെ നല്‍കിയത്. ഇത് മെയ് 30നുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടതിന്‍റെ 50 ശതമാനം പോലും ആയിട്ടില്ല. അതിനാല്‍ കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉടനടി ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചത് വിശദമായ പഠനത്തിന് ശേഷമാണ്. വിപണി നിരക്കിനെ അടിസ്ഥാനമാക്കി ഈ ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങള്‍ക്ക് വരുന്ന ചിലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താനാവശ്യമായ മനുഷ്യ വിഭവം കൂടി കണക്കിലെടുത്താണ് നിരക്ക് 500 രൂപയായി നിശ്ചയിച്ചത്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. എന്നാല്‍, ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ലാബുകൾ സ്വീകരിക്കരുത്. വിമുഖത കാണിക്കുന്നത് അംഗീകരിക്കില്ലെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രൂ നാറ്റ് ടെസ്റ്റ് നടത്താൻ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നും ലാഭമുണ്ടാക്കാനുള്ള സമയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസ്ക് കൃത്യമായി ധരിക്കണം. എന്‍ 95 മാസ്കുകള്‍ ഉപയോഗിക്കുകയോ സർജിക്കൽ മാസ്കിന് പുറമെ മറ്റൊരു മാസക് ധരിക്കുകയോ വേണം. ഓക്സിജൻ വീട്ടിൽ നിർമ്മിക്കാം തുടങ്ങിയ വ്യാജ പ്രചരണത്തിൽ കുടുങ്ങരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വോട്ടെണ്ണല്‍ ദിനത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവർത്തകർ ആവേശം പ്രകടിപ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ കൂട്ടം ചേർന്നുള്ള പ്രതികരണമെടുക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
കേരളത്തില്‍ ഇന്ന് 35,636 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 15,493 പേരാണ് രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 33,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.