മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസ്: വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം, വിധി പറയാതെ ലോകായുക്ത
മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻറെ കടം തീർക്കാൻ 8.75 ലക്ഷം അനുവദിച്ചത്, അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം നൽകിയത് അടക്കമുള്ള പരാതികളാണ് ലോകായുക്തക്ക് മുന്നിൽ വന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാതെ ലോകായുക്ത. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ആദ്യകേസാണ് ഇത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളുണ്ടായിരിക്കുന്നതിനിടയിലാണ് സി.എം.ഡി.ആർ.എഫുമായി ബന്ധപ്പെട്ട കേസിനെ ഏവരും ഉറ്റ് നോക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സ്വജനപക്ഷത്തോടെ സഹായം വിതരണം ചെയ്തുവെന്നാണ് ലോകായുക്തക്ക് മുന്നിൽ വന്ന പരാതി. ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻറെ കടം തീർക്കാൻ 8.75 ലക്ഷം അനുവദിച്ചത്. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം നൽകിയത് അടക്കമുള്ള പരാതികളാണ് ലോകായുക്തക്ക് മുന്നിൽ വന്നത്.
സമാനമായ സാഹചര്യങ്ങളിൽ നിന്ന് ആർക്കും സഹായം ലഭിക്കാറില്ലെന്നും പണം നൽകിയത് അഴിമതിയാണെന്നുമായിരിന്നു ആർഎസ് ശശികുമാർ നൽകിയ ഹർജിയിലെ ആരോപണം. ദുരിതാശ്വാസ നിധിക്കുണ്ടായ നഷ്ടം മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നാണ് ആവശ്യം. 2018 ൽ നൽകിയ ഹർജിയിൽ 2022 മാർച്ചിലാണ് വാദം പൂർത്തിയായത്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറഞ്ഞിട്ടില്ല. ഇതിനിടയിൽ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന ബിൽ നിയമസഭ പാസ്സാക്കുകയും ചെയ്തു. എന്നാൽ ബില്ലിൽ ഗവർണർ ഇതുവരെ ഒപ്പ് വച്ചിട്ടില്ല.