ദുരിതാശ്വാസനിധി: നിയമ പോരാട്ടം തുടരും, ഗവര്‍ണര്‍ ഒപ്പിട്ടാല്‍ സര്‍ക്കാരിന് പേടിക്കേണ്ട
ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പിന്‍റെ അധികാരം ഉപയോഗിച്ച് ലോകായുക്ത വിധി പറഞ്ഞതോടെയാണ് കെ.ടി ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കേസ് ലോകായുക്ത ഫുള്‍ബെഞ്ചിന് വിട്ടെങ്കിലും നിയമ പോരാട്ടം അവസാനിച്ചിട്ടില്ല. കേസില്‍ ഇതുവരെയുണ്ടായ വാദപ്രതിവാദങ്ങള്‍ ഫുള്‍ബെഞ്ചിന് മുന്നിലും ഉയരും. മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ ലോകായുക്തക്ക് അധികാരമില്ലെന്ന വാദമായിരിക്കും സര്‍ക്കാര്‍ ഉയര്‍ത്തുക. നിലവിലെ വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ പരാതിക്കാരനായ ആര്‍.എസ് ശശികുമാര്‍ തീരുമാനിച്ചിട്ടുണ്ട്.
ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസില്‍ വാദം പൂര്‍ത്തിയായ ഒരു വര്‍ഷം കഴിഞ്ഞിട്ട് വിധി പറഞ്ഞിട്ടും ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും കഴിഞ്ഞിട്ടില്ല. മറ്റൊരു ഉപലോകായുക്ത കൂടി ബെഞ്ചിലേക്ക് എത്തുമ്പോള്‍ ആദ്യം മുതല്‍ വാദം കേള്‍ക്കണം. സ്വാഭാവികമായും നടപടികള്‍ നീളാം.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ അര്‍ധജുഡീഷ്യല്‍ സംവിധാനമായ ലോകായുക്തക്ക് അധികാരമില്ലെന്ന വാദമായിരിക്കും ഫുള്‍ബെഞ്ചിന് മുന്നിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുക. ഇതിനിടയില്‍ പരാതിക്കാരന്‍ വീണ്ടും ഹൈക്കോടതിയില്‍ എത്തിയാല്‍ നടപടികള്‍ കൂടുതല്‍ നീളുന്നതിലേക്ക് നയിക്കും.
ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഭിന്നാഭിപ്രായം ഉണ്ടായ വിഷയത്തില്‍ നിയമ വിദഗ്ധര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇക്കാര്യം പരിഗണിക്കേണ്ടിയിരുന്നത് കേസ് നിലനില്‍ക്കുമോ എന്ന നോക്കിയ ഘട്ടത്തിലാവണമായിരുന്നു എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിനു വേണ്ടത് ക്ലീന്‍ചിറ്റ്
ലോകായുക്ത വിധി പറഞ്ഞില്ലെങ്കിലും നിലവിലെ തീരുമാനം സര്‍ക്കാരിന് താത്കാലിക ആശ്വാസമായി മാറി. ഏതെങ്കിലും തരത്തിലുള്ള പരാമര്‍ശങ്ങള്‍ പോലും മുഖ്യമന്ത്രിക്ക് വിനയാകുമെന്നിരിക്കെ ക്ലീന്‍ ചിറ്റിനപ്പുറം ഒന്നും സര്‍ക്കാരിന് ചിന്തിക്കാന്‍ പോലും കഴിയില്ല.
ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പിന്‍റെ അധികാരം ഉപയോഗിച്ച് ലോകായുക്ത വിധി പറഞ്ഞതോടെയാണ് കെ.ടി ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായത്. അതിന് പിന്നാലെ 14 വകുപ്പിന്‍റെ പല്ലും നഖവും സര്‍ക്കാര്‍ ഊരിയെടുത്തെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമമായിട്ടില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ ലോകായുക്ത വിധിയെ നെഞ്ചിടിപ്പോടെയാണ് സര്‍ക്കാര്‍ കണ്ടത്.
വിധി എതിരായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള മുറവിളി ഉയരുമായിരുന്നു. ധാര്‍മികത ഉയര്‍ത്തിയുള്ള ചോദ്യങ്ങള്‍ സര്‍ക്കാരിനേയും സി.പി.എമ്മിനേയും പ്രതിരോധത്തിലും ആക്കിയേനെ. പക്ഷെ ഭയപ്പെട്ടപോലെ ഒന്നും സംഭവിക്കാത്തത് സര്‍ക്കാരിന് ആശ്വാസമായി.
അതേസമയംസര്‍ക്കാരിന്‍റെ തലക്ക് മീതെ ഈ കേസ് നില്‍ക്കുന്നുണ്ട്. ഫുള്‍ബെഞ്ച് വാദം കേള്‍ക്കുന്ന വേളയിലും സര്‍ക്കാരിന് മുന്നില്‍ രാഷ്ട്രീയ വെല്ലുവിളികള്‍ ഉയരും. കടുത്ത ചോദ്യങ്ങളിലേക്ക് ഫുള്‍ബെഞ്ച് പോയാല്‍ അതിനും സര്‍ക്കാരിന് മറുപടി പറയേണ്ടി വരും. ഇതിനിടയില്‍ നിയമസഭ പാസ്സാക്കിയ ബില്ലിലാണ് സര്‍ക്കാരിന്‍റെ കണ്ണും കാതും. ഗവര്‍ണറെ അനുനയിപ്പിച്ച് ബില്ലിന് അംഗീകാരം നല്‍കാനായാല്‍ ലോകായുക്ത എന്തുവിധി പറഞ്ഞാലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പേടിക്കേണ്ടതില്ല.