ഉത്പാദന ചെലവ് കൂടിയതും വരുമാനം കുറഞ്ഞതും തിരിച്ചടി; കൃഷി ഉപേക്ഷിച്ച് നാളികേര കർഷകർ
തെങ്ങിൽ കയറാനും തേങ്ങ പൊതിക്കാനുമുള്ള കൂലി ചെലവ് കൂടിയാകുമ്പോൾ കർഷകന് മെച്ചമില്ലാതായി മാറി
കോഴിക്കോട്: സംസ്ഥാനത്തെ നാളികേര കർഷകർ നേരിടുന്നത് ഗുരുതര പ്രതിസന്ധി. തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞപ്പോൾ ഉത്പാദന ചെലവ് തെങ്ങ് പോലെ ഉയർന്നു. തെങ്ങിൽ കയറാനും തേങ്ങ പൊതിക്കാനുമുള്ള കൂലി ചെലവ് കൂടിയാകുമ്പോൾ കർഷകന് മെച്ചമില്ലാതായി മാറി. ഇതോടെ തെങ്ങ് കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. നാളികേര കർഷകൻ്റെ ജീവിതത്തിലൂടെ മീഡിയവൺ നടത്തുന്ന അന്വേഷണ പരമ്പര.
പാരമ്പര്യമായി നാളികേര കർഷകനാണ് കോഴിക്കോട് ചെമ്പനോടയിലെ വെട്ടിക്കൽ ബിജി. നാളികേരത്തിന് വില ഇല്ലാതായതോടെ കൃഷി ചെലവ് പോലും ലഭിക്കുന്നില്ലെന്ന് ബിജി പറയുന്നു. തെങ്ങുകയറുന്നവർക്ക് 35 മുതൽ 50 രൂപ വരെ നൽകണം . നാളികേര കൃഷി ആദായമേ അല്ലാതായി മാറി. ഒരു കിലോ പച്ചതേങ്ങയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത് 22 മുതൽ 24 രൂപവരെയാണ്. നേരത്തെ 40 മുതൽ 45 രൂപവരെ ലഭിച്ചിരുന്നിടത്താണ് ഈ വില കിട്ടുന്നതെന്നും കര്‍ഷകര്‍ പറയുന്നു.